വിശപ്പ് രഹിത നാട്; ഇരുപത് രൂപ ഊണുമായി ചെങ്ങോട്ടുകാവിൽ സുഭിക്ഷ ഹോട്ടൽ വരുന്നു


കൊയിലാണ്ടി: ഊണില്ലാതെ ഇനി ആരും വിശന്നിരിക്കേണ്ട, ഇരുപത് രൂപയ്ക്ക് ഉച്ചയൂണുമായി ചെങ്ങോട്ടുകാവിൽ സുഭിക്ഷ ഹോട്ടൽ ഒരുങ്ങുന്നു. ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയില്‍ ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്.

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിശപ്പ്‌ രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സുഭിക്ഷ ഹോട്ടലുകൾ തുടങ്ങുന്നത്. സുഭിക്ഷ ഹോട്ടലുകളുടെ സംസ്ഥാന തല ഉദ്ഘാടനം മെയ് അഞ്ചിന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ഓൺലൈൻ ആയി നിർവഹിക്കും. ചെങ്ങോട്ടുകാവിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും.

കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ ഇരുപത് രൂപയ്ക്കു ഊണ് കിട്ടുന്ന രണ്ടു സ്ഥലങ്ങളുണ്ട്. നഗരത്തിൽ തന്നെ വില കുറവിൽ ഊണ് നൽകുന്ന രണ്ട് കുടുംബശ്രീ ഹോട്ടലുകൾ നന്നായി മുന്നേറുന്നു. സംസ്ഥാനത്ത് പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം, സുഭിക്ഷ ഹോട്ടല്‍. കിടപ്പു രോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം.

[bot1]