ഇനി ക്രിക്കറ്റ് പരിശീലനം കൂടുതല്‍ കാര്യക്ഷമമാകും; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്ഥാപിച്ച പുതിയ ക്രിക്റ്റ് നെറ്റ്‌സ് തുറന്നു
തിരുവങ്ങൂര്‍: ക്രിക്കറ്റ് പരിശീലനത്തിനായി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ക്രിക്കറ്റ് നെറ്റ്‌സ് കാനത്തില്‍ ജമീല എം.എല്‍.എ കുട്ടികള്‍ക്കായി തുറന്നു കൊടുത്തു. 3.30 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് നെറ്റ്‌സ് നിര്‍മ്മിച്ചത്. സ്റ്റിച്ച് ബോള്‍, ഹെല്‍മറ്റ്, ലെഗ് സ്പിന്നുകള്‍ പരിശീലിക്കാനുള്ള ലെഗ് ഗാര്‍ഡുകള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇനി മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ ക്രിക്കറ്റ് പരിശീലിക്കുക.
കൂടുതല്‍ വേഗതയോടെയും കൃത്യതയോടെയും ക്രിക്കറ്റ് നെറ്റ്‌സില്‍ കളിക്കാനാകും. ക്രമമായ പരിശീലനം വഴി ബാറ്റിങ്, ബൗളിങ് എന്നിവയിലെ വേഗം കൂട്ടാനുമാകും. പുതിയ ഷോട്ടുകള്‍ പരീക്ഷിക്കാനും അവയില്‍ പ്രാവീണ്യം നേടാനും നെറ്റ്‌സ് പരിശീലനം കുട്ടികള്‍ക്ക് ഗുണം ചെയ്യും.
ഉദ്ഘാടന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. പി.ടി.എ.പ്രസിഡന്റ് വി.മുസ്തഫ, പ്രിന്‍സിപ്പള്‍ ടി.കെ.ഷെറീന, സ്‌കൂള്‍ മേനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗം ടി.കെ.ശശിധരന്‍, ഡപ്യൂട്ടി എച്ച്.എം. എ.പി.സതീശ് ബാബു, സി. ബൈജു, ജില്ലാ ക്രിക്കറ്റ് ടീം അംഗം അഖില്‍ ദേവ്, ക്രിക്കറ്റ് പരിശീലകന്‍ വൈശാഖ് പാറക്കല്‍, ലെജന്‍സ് ക്രിക്കറ്റ് ക്ലബ് ജോ: സെക്രട്ടറി ജംഷിദ് ഡിലൈറ്റ്, വി.പി.ശ്രീജിലേഷ്, ടി.വി.സതീശന്‍, ടി.പി.അജയന്‍, വി.മുനീര്‍, വി.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.