മൂടാടി വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ടാകും; സ്ഥലപരിമിതിമൂലം ഇനിയും അധികകാലം വീര്‍പ്പുമുട്ടേണ്ടിവരില്ല, നന്തിയില്‍ പുതിയ കെട്ടിടമൊരുങ്ങുന്നു


മൂടാടി: വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം എന്ന മുടാടിയുടെ ഏറെക്കാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. നന്തിയില്‍ മഹമൂദ് ഹാജി സൗജന്യമായി നല്‍കിയ 8.75 സെന്റ് ഭൂമിയിലാണ് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നത്. ഇതിനായി 50ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് സ്ഥലപരിമിതിമൂലം വീര്‍പ്പ് മുട്ടുകയാണ്. കേരളത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുക എന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും സ്വന്തം കെട്ടിടം എന്ന ലക്ഷ്യത്തോടെയാണ് മൂടാടിയിലും കെട്ടിടം പണിയുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കാണ് നിര്‍മ്മാണ ചുമതല. ശിലാസ്ഥാപന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ശിവാനന്ദന്‍ എം.പി, ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജീവാനന്ദന്‍, ചൈത്ര വിജയന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ പട്ടേരി, സുഹറ ഖാദര്‍, എം.പി.അഖില, ടി.കെ.ഭാസ്‌കരന്‍, പപ്പന്‍ മൂടാടി, റഫീഖ് പുത്തലത്ത് കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ.എസ്.വാര്യര്‍ നന്ദി അറിയിച്ചു.