ഒന്നാം നിലയില്‍ ഒ.പി, ഒബ്‌സര്‍വേഷന്‍, ഫാര്‍മസി, ലാബ് വെയിറ്റിങ് ഏരിയ; മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വരുന്നു
മൂടാടി: ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്ര നവീകരണപ്രവൃത്തി ആരംഭിക്കുന്നു. കേരള സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റ നിര്‍മാണ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കാന്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ആശുപത്രി വിപുലീകരണത്തിനായി മുടാടി ഗ്രാമ പഞ്ചായത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ കൊണ്ട് മാസ്റ്റര്‍ പ്‌ളാന്‍ മുന്‍പേ തയാറാക്കിയിരുന്നു. മാസ്റ്റര്‍ പ്‌ളാനിലെ ഒന്നാ നിലയാണ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒ.പി, ഒബ്‌സര്‍വേഷന്‍, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ നിര്‍ദ്ദിഷ്ട പ്‌ളാനില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒന്നര ഏക്കര്‍ ഭൂമി ആശുപത്രിക്ക് സ്വന്തമായുണ്ട്. കായ കല്പ-കാഷ്ബ എന്‍.ക്യു എ.എസ് എന്നീ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച കുടുംബാരോഗ്യകേന്ദ്രമാണിത്. യോഗത്തില്‍ എം.എല്‍.എ.കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജീന എലിസബത്ത് പി.ഡബ്ല്യു.യു.ഡി എഞ്ചിനിയര്‍ ഷഫീഖ് ഓവര്‍സിയര്‍ അജ്ഞലി എച്ച്.ഐ.ഷീന എന്നിവര്‍ പങ്കെടുത്തു.