ശിക്കാര ബോട്ട്, പെഡൽ ബോട്ട്, സ്പീഡ് ബോട്ട്… ഒപ്പം കൊതിയൂറും തനത് രുചികളും; ടൂറിസം രംഗത്തെ കൊയിലാണ്ടിയുടെ പ്രവേശന കവാടമാകാനൊരുങ്ങി നെല്ല്യാടി
കൊയിലാണ്ടി: ടൂറിസം രംഗത്ത് കൊയിലാണ്ടിയുടെ മുഖമാകാനൊരുങ്ങി നെല്ല്യാടി. നെല്ല്യാടി പാലത്തിന് താഴെ മുതൽ കൊടക്കാട്ടുംമുറി താഴെ പുഴയോരം വരെയുള്ള ഭാഗത്താണ് വിപുലമായ ടൂറിസം പദ്ധതികൾ ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ കൊയിലാണ്ടിയുടെ ടൂറിസം പ്രവേശന കവാടമായി നെല്ല്യാടി മാറും.
ശിക്കാര ബോട്ടുകൾ, പെഡൽ ബോട്ടുകൾ, കയാക്കിങ്, കനോയിങ്, സ്പീഡ് ബോട്ട് എന്നിവയെല്ലാം ഇവിടെ വിനോദസഞ്ചാരികൾക്കായി ഉണ്ടാകും. കൂടാതെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ചായക്കട, ഫ്ളോട്ടിങ് റസ്റ്ററന്റ്, കാന്റിൽ ലൈറ്റ് ഡിന്നർ എന്നിവയും കുട്ടികളുടെ പാർക്ക്, കഫറ്റീരിയ, നാടൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ് എന്നിവയുമുണ്ടാകും.
കോഴിക്കോട് ജില്ലയുടെ ഏത് ഭാഗത്ത് നിന്നും എളുപ്പമെത്താൻ കഴിയുന്ന പുഴയോരമാണ് നെല്ല്യാടി. ഉത്തരവാദത്ത ടൂറിസം പ്രൊജക്ടുകൾ ഒരുക്കി കൊണ്ടുള്ള പദ്ധതി കോഴിക്കോട് ജില്ലയിലെ ആദ്യ ടൂറിസം പദ്ധതിയാണ് നെല്ല്യാടിയിൽ വരുന്നത്. കൊയിലാണ്ടി നഗരസഭയാണ് നെല്ല്യാടി ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ ടൂറിസം വികസനത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
സംസ്ഥാന സർക്കാർ രണ്ട് കോടി രൂപയാണ് നെല്ല്യാടി ടൂറിസം വികസനത്തിനായി ബഡറ്റിൽ വകയിരുത്തിയത്. കൊയിലാണ്ടി എം.എൽ.എയായിരുന്നകെ.ദാസൻ പ്രസിഡന്റും എ.ഡി.ദയാനന്ദൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നെല്ല്യാടി ടൂറിസം ക്ലബ്ബിന്റെ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പി.സിജീഷ് (വൈസ് പ്രസിഡന്റ്), കെ.ടി.രഘു (ജോയിന്റ് സെക്രട്ടറി), നഗരസഭാ കൗൺസിലർ രമേശൻ വലിയാട്ടിൽ (ട്രഷറർ) എന്നിവരും കമ്മിറ്റിയിലുണ്ട്.
കോരപ്പുഴയാണ് നെല്ല്യാടിയിലെത്തുമ്പോൾ നെല്ല്യാടിപ്പുഴയാവുന്നത്. ഈ പുഴയോരത്ത് വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കുന്നത് മനോഹരമായ അനുഭവമാണ്. ഇതിൽ നിന്നാണ് നെല്ല്യാടി ടൂറിസം പദ്ധതി ജനിക്കുന്നത്.
നെല്ല്യാടിയെ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി വികസിപ്പിച്ചെടുക്കാൻ എല്ലാ സാധ്യതകളും പഠിച്ചു ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട് സമർപ്പിച്ച നെല്ല്യാടി ടൂറിസം ക്ലബ് വിവിധ സ്വകാര്യ സംരംഭകരുമായി ചേർന്നു കൊയിലാണ്ടി നഗരസഭയുമായുമായി കൈകോർത്തു കൊണ്ടാണ് പദ്ധതി നടപ്പിലാവുന്നത്. കൊയിലാണ്ടി നഗരസഭ നെല്ല്യാടി ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചു.
ശിക്കാര വഞ്ചിയിൽ പുഴയിലൂടെയുള്ള വിനോദയാത്ര ഇരുകരകളിലുമുള്ള കണ്ടൽക്കാടുകൾ , ദേശാടനപക്ഷികളുടെ ആവാസ സങ്കേതം എന്നിവയും കണ്ടു ചുറ്റുപാടും കാണുന്ന മലനിരകളും ഒപ്പം നാവൂറും കൊയിലാണ്ടി വിഭവങ്ങൾ ആസ്വദിച്ചുമുള്ള യാത്ര ഏവരും ഇഷ്ടപ്പെടും. സുരക്ഷിതമായ ശിക്കാരകൾ ആവശ്യമായ സുരക്ഷാ സാമഗ്രികൾ ഉൾപ്പെടെ ഒരുക്കിയാണ് നെല്ല്യാടിപ്പുഴയിൽ ഇറക്കുന്നത്. സർക്കാരിൻ്റെ നിയമപരമായ എല്ലാ ലൈസൻസുകളോടെയും വിദഗ്ധരായ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ബോട്ട് സർവീസ് ഒരുങ്ങുന്നത്.
വയനാട് , താമരശ്ശേരി , കോഴിക്കോട് , മലപ്പുറം , വടകര , കണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും
കുറ്റ്യാടി, പേരാമ്പ്ര, ചക്കിട്ടപ്പാറ തുടങ്ങി മലയോര മേഖലകളിൽ നിന്നും നെല്ല്യാടി ടൂറിസം കേന്ദ്രത്തിൽ എത്തിപ്പെടാൻ പണി പുരോഗമിക്കുന്ന ചെങ്ങോട്ടുകാവ് – നന്തി ബൈപാസ് പൂർത്തിയാകുന്നതോടെ എളുപ്പത്തിലെത്താം.