‘ഓരോ കാലടികള്‍ പോലും ശ്രദ്ധിച്ചേ വെക്കാന്‍ പറ്റുകയുള്ളു എന്നതായിരുന്നു ചൂരല്‍മലയിലെ അവസ്ഥ’; കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ വൈശാഖ് സംസാരിക്കുന്നു
മേപ്പാടി: 2018ലെ പ്രളയത്തിനുശേഷം കേരളംകണ്ട എറ്റവും വലിയ ദുരന്തമാണ് ചൂരല്‍മല ഉരുള്‍പൊട്ടല്‍. സൈന്യവും നേവിയും എന്‍.ഡി.ആര്‍.എഫും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെയായി ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ വൈശാഖും ഇക്കൂട്ടത്തിലുണ്ട്. ചൂരല്‍മലയിലെ സമാനതകളില്ലാത്ത ദുരന്തമുഖത്ത് കണ്ടതും അഭിമുഖീകരിച്ചതുമായ കാര്യങ്ങള്‍ അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുന്നു.
”ദുരന്തം സംഭവിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കകം അവിടെ എത്തിയിരുന്നു. ആദ്യത്തെ ഒന്നുരണ്ടുദിവസം എങ്ങോട്ടുപോകണം പോകുന്നവഴിയില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകും എവിടെയൊക്കെ പോകാന്‍ കഴിയും മുമ്പിലെന്താണുള്ളത് എന്നൊന്നും അറിയാത്ത അവസ്ഥയായിരുന്നു. ഓരോ കാലടികള്‍ പോലും ശ്രദ്ധിച്ചുവെച്ചേ മുന്നോട്ടുപോകാനാകൂവെന്നതായിരുന്നു അവിടുത്തെ അവസ്ഥ. ചിലപ്പോള്‍ അടുത്ത അടിവെച്ചാല്‍ കാല് ചെളിയിലേക്ക് താഴ്ന്ന് പോകാം, മരക്കമ്പുകള്‍ക്കിടയിലോ പാറക്കെട്ടിലോ കുടുങ്ങാം. അവിടെയുണ്ടായിരുന്ന കിണറുകളിലോ മറ്റോ ആവാം കാലടി വയ്ക്കുന്നത്. അല്ലെങ്കില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കുമേല്‍. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചാണ് ആദ്യ ഒന്നുരണ്ടുദിവസങ്ങളില്‍ മുന്നോട്ടുനീങ്ങിയത്.
മുമ്പുണ്ടായ ചില ദുരന്തബാധിത പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൂരല്‍മലയില്‍ വലിയൊരു പ്രദേശം തന്നെ ഇല്ലാതായിപ്പോയതാണ്. നാലഞ്ച് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പ്രദേശത്താണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത്. രക്ഷാപ്രവര്‍ത്തകര്‍ ഏഴും എട്ടും കൂട്ടമായി തിരിഞ്ഞ് ഓരോ മേഖലകള്‍ പരിശോധിക്കുകയാണ് ആദ്യ ദിവസങ്ങളില്‍ ചെയ്തത്. അവിടെ കുടുങ്ങിക്കിടക്കുന്ന 1500ലേറെ വരുന്ന ആളുകളെ രക്ഷിക്കുന്നതിനായിരുന്നു മുന്‍ഗണന. ദുരന്തത്തില്‍ പാലം തകര്‍ന്നതിനാല്‍ ഇവരെ പുഴയ്ക്ക് ഇക്കരെ എത്തിക്കുക പ്രയാസമായിരുന്നു. താല്‍ക്കാലിക പാലത്തിലൂടെ റോപ്പ് പിടിച്ച് ഓരോരുത്തരെയായി പിടിച്ചാണ് മറുകര എത്തിച്ചത്. ഭയന്നും, തണുത്തുവിറച്ചും ഉറ്റവരെ കാണാത്തതിന്റെ ആധിയും പേറി നില്‍ക്കുന്ന കുറേയേറെ മനുഷ്യരെയാണ് അവിടെ കാണാനായത്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ ഭാഗത്തേക്ക് ആദ്യ ദിവസം പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം അവിടെ പോയിരുന്നു. അവിടവിടെയായി ചില വീടുകള്‍ മാത്രം ബാക്കിയുണ്ട്. അവിടെ ഇനി ആളുകള്‍ താമസിക്കുമോയെന്നറിയില്ല. രക്ഷപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ മനസിലായത് ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പലരും അത് കാര്യമാക്കിയില്ല, പുഴയില്‍ വെള്ളം കൂടിയതോ മലവെള്ളപ്പാച്ചിലോ ആയിരിക്കാമെന്നാണ് കരുതിയത്. വീടിന്റെ താഴ്ഭാഗത്ത് ചെളിയും വെള്ളവുമായതോടെ പലരും മുകളിലെ നിലയില്‍ അഭയം തേടി. പിന്നീട് വീണ്ടും ഉരുള്‍പൊട്ടലുണ്ടായതോടെ താഴെ ഇറങ്ങാന്‍ പോലുമാകാതെ പലരും വീടുകളില്‍പെടുകയായിരുന്നു. ആദ്യത്തെ പൊട്ടലുണ്ടായപ്പോള്‍ തന്നെ ഭയന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയവരാണ് രക്ഷപ്പെട്ടവരില്‍ ഏറെയും.
കെട്ടിടങ്ങളുടെയും മരങ്ങളുടെയും ഇടയിലും ചെളിയിലുമെല്ലാമായി നിരവധി മൃതദേഹങ്ങളാണ് ഇതിനകം പുറത്തെടുത്തത്. തകര്‍ന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പാലം തകര്‍ന്നതുകാരണം ജെ.സി.ബിയും മറ്റും എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നതുകൊണ്ട് പ്രധാനമായും മാന്‍പവര്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. വീടുകളില്‍ ഉറങ്ങിക്കിടന്ന നിലയിലും കസേരയില്‍ ഇരിക്കുന്ന നിലയിലുമൊക്കെയായിരുന്നു മൃതദേഹങ്ങളിലേറെയും. ആദ്യദിവസങ്ങളില്‍ താല്‍ക്കാലിക പാലംവരെ സ്ട്രച്ചറിലാക്കി മൃതദേഹം എത്തിച്ചശേഷം അവിടെ നിന്നും റോപ്പ് ഉപയോഗിച്ച് കെട്ടിയുറപ്പിച്ച് വലിച്ച് അക്കരെ എത്തിക്കുകയായിരുന്നു ചെയ്തത്. പിന്നീട് അപകടമേഖലയില്‍ ബാക്കിയായ ജീപ്പുകള്‍ പോലുള്ള വാഹനങ്ങളും മൃതദേഹങ്ങള്‍ എത്തിക്കാന്‍ ഉപയോഗിച്ചു. ബെയിലി പാലം പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങളും വാഹനങ്ങളും മറുഭാഗത്ത് എത്തിക്കാന്‍ കഴിയും. ഇതോടെ തിരച്ചിലിന് വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.