ഭക്തിസാന്ദ്രം; മൂടാടി ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ നവരാത്രി ആലോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു


മൂടാടി: മൂടാടി ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ ആശ്രമാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്‌ ബാംഗ്ലൂർ ആശ്രമം സ്വാമി നിർമ്മലാനന്ദജി നേതൃത്വം നൽകി. നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിന്ന് പൂജകൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഓരോ വ്യക്തിയിലും തിരിച്ചറിവ് ഉണ്ടാക്കാൻ ഹോമങ്ങളിലിരിക്കുമ്പോൾ നമുക്ക് കഴിയുമെന്നും, മനുഷ്യ ജീവിതത്തിന്റെ ധർമ്മത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ബ്രഹ്മചാരി രഞ്ജിത്ജി സ്റ്റേറ്റ് അപ്പക്സ് ബോഡി മെമ്പർ ശങ്കരനാരായണൻ (വി.ഡി.എസ്‌), മൂടാടി ആശ്രമം അഡ്മിനിസ്‌ട്രേറ്റര്‍ ബ്രഹ്‌മചാരി മിഥുൻജി മൂടാടി, ആശ്രമം അപ്പക്സ് ബോഡി മെമ്പർമാരായ കലാമേനോൻ, സോമസുന്ദരൻ, ഡോ.അനിൽ കൃഷ്ണൻ, സുരേന്ദ്രൻ, ജില്ലാ ടീച്ചേഴ്സ് കോ ഓർഡിനേറ്റർ രജിത്ത്, ജില്ലാ സെക്രട്ടറി രമണൻ എന്നിവർ പങ്കെടുത്തു. ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (ജന:ൺ. സെക്രട്ടറി കേരള ധർമ്മാചാര സഭ) മുഖ്യാതിഥിയായിരുന്നു.

ഉദ്ഘാടനത്തിനുശേഷം ബാംഗ്ലൂർ ആശ്രമത്തിൽ നിന്നെത്തിയ പണ്ഡിത ശ്രേഷ്ഠന്മാരുടെ കാർമ്മികത്വത്തിൽ മഹാഗണേശ പൂജ, അനുജ്ഞ പൂജ, മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, പൂർണ്ണാഹുതി എന്നിവ നടന്നു. വൈകിട്ട് വാസ്തുശാന്തി ഹോമം, മഹാസുദർശന ഹോമം എന്നിവയും കലാപരിപാടികളും നടന്നു.

നാളെ രാവിലെ 8.30ന് രുദ്രാഭിഷേകം ശ്രീ മഹാരുദ്ര ഹോമം, ശ്രീ ചണ്ഡി ഹോമം പ്രാരംഭം, പൂർണ്ണാഹുതി മംഗളാരതി എന്നീ പൂജകളും അന്നദാന ശേഷം വൈകിട്ട് 5 മണിക്ക് ശ്രീ ചണ്ഡി ദേവി കലശ സ്ഥാപനം , ശ്രീദുർഗ്ഗാ സപ്തശതി പാരായണം , ശ്രീ നവ ചണ്ഡി ഹോമം, പൂർണ്ണാഹുതി, മംഗളാരതി എന്നിവ നടക്കും.