വിദ്യാരംഭം ഒക്ടോബര്‍ 24ന്; നൃത്ത, സംഗീത വിരുന്നായി വെങ്ങളം ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം



വെങ്ങളം: വെങ്ങളം ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് വിപുലമായ പരിപാടികളോടെ പുരോഗമിക്കുന്നു. ഒക്ടോബര്‍ 15ന് വൈകീട്ട് പ്രസിദ്ധ സംഗീത അധ്യാപകന്‍ സുനില്‍ തിരുവങ്ങൂരാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.

തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ഭജന സമിതിയുടെ ഭക്തിനിര്‍ഭരമായ ഭജന അവതരിപ്പിച്ചു. ഒക്ടോബര്‍ 16ന് ശ്രീമതി ലീന തമ്പിയുടെ വീണ കേച്ചേരിയും കലാമണ്ഡലം പ്രേംകുമാറിന്റെ ശിഷ്യരും സ്വപ്ന സജിതും അവതരിപ്പിച്ച കഥകളിയും അരങ്ങിനെ ധന്യമാക്കി.

ഒക്ടോബര്‍ 17 ന് സോപാനം പുറക്കാട്ടിരിയുടെ സംഗീതര്‍ച്ചനയും ഒക്ടോബര്‍ 18ന് വിജിഷാംഭിക ശ്രീധറിന്റെ നൃത്താര്‍ച്ചനയും നവരാത്രി മണ്ഡപത്തെ മിഴിവുറ്റതാക്കി. വരും ദിവസങ്ങളില്‍ സിംഫണി കോഴിക്കോടിന്റെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഗോകുലം നൃത്ത വിദ്യാലയം പൂക്കാടിന്റ നൃത്ത സന്ധ്യ, നാട്യധാര തിരുവഗൂറിന്റെ നൃത്ത നൃത്ത്യങ്ങള്‍ സുസ്മിത ഗിരീഷിന്റെ ഗാനങ്ങള്‍, ജ്വാലാ മാലിനിയുടെ ഭരതനാട്യക്കച്ചേരി, ഒക്ടോബര്‍ 24 ന് രാവിലെ ക്ഷേത്ര ഭജന സമിതിയുടെ ഭജന എന്നിവ അരങ്ങേറും.

ഒക്ടോബര്‍ 24ന് രാവിലെ 8.30 മുതല്‍ ക്ഷേത്രം മേല്‍ശാന്തി മരങ്ങാട്ടില്ലത്തു വിഷ്ണു നമ്പൂതിരി വിദ്യാരംഭം കുറിക്കും.