സൈക്കിള്‍ റാലി, ഫ്‌ളാഷ് മോബ്, പരിസ്ഥിതി ഗാനം… വനം വന്യജീവി വകുപ്പിന്റെ വന്യജീവി വാരാഘോഷ പരിപാടിയില്‍ ഭാഗമായി നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും; ലക്ഷ്യമിടുന്നത് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം


നടുവണ്ണൂര്‍: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വന്യ ജീവി വാരാഘോഷമായി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പൊതുജനങ്ങളില്‍ വന്യജീവികളുടെ പ്രാധാന്യവും സംരക്ഷണവും ബോധവത്കരിക്കുകയാണ് ഇതിലൂടെ സാധ്യമാക്കുന്നത്. കോഴിക്കോട് സാമൂഹ്യവനവത്കരണ വിഭാഗം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി വാകയാട് നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഫോറെസ്ട്രി ക്ലബ്ബും കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗവും സംയുക്തമായി വിവിധ പരിപാടികള്‍ നടത്തി. ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച വാകയാട് സ്‌കൂളില്‍ സൈക്കിള്‍ റാലിയും വൈകിട്ട് നാലുമണിക്ക് നടുവണ്ണൂര്‍ ടൗണില്‍ സന്ദേശയാത്ര, ഫ്‌ലാഷ് മോബ്, പരിസ്ഥിതി ഗാനം തുടങ്ങിയവ നടത്തി.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി. ആര്‍.കീര്‍ത്തി ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എംശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി.സുരേന്ദ്രന്‍ മാസ്റ്റര്‍, മക്കാട്ട് സജീവന്‍, അസിസ്റ്റന്റ് ഫോറെസ്റ്റ് കാന്‍സര്‍വേറ്റര്‍ സത്യപ്രഭ, സോഷ്യല്‍ ഫോറെസ്ട്രി കൊയിലാണ്ടി റേഞ്ച് ഓഫീസര്‍ എം.പി.സജീവ്, പ്രിന്‍സിപ്പാള്‍ ഡോ.ആബിദ പുതുശ്ശേരി, സ്‌കൂള്‍ മാനേജര്‍ ഒ.എം.കൃഷ്ണകുമാര്‍, പി.ടി.എ പ്രസിഡന്റ് പി.കെ.പ്രദീപന്‍, ഷംന, നിസാര്‍ ചേലേരി, ടി.ആര്‍.ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.