12 വര്‍ഷത്തിനിടെ ഒരുതവണ പോലും അറ്റകുറ്റപ്പണിപോലും നടത്തിയില്ല; പേരാമ്പ്രയിലെ പൊന്‍പറ ഭാഗത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍, പ്രതിഷേധവുമായി നാട്ടുകാര്‍



പേരാമ്പ്ര: ചേനോളി റോഡില്‍ നിന്നും പൊന്‍പറ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി ശക്തമാക്കി പ്രദേശവാസികള്‍. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പ്പെട്ട ഈ റോഡ് 12 വര്‍ഷം മുമ്പാണ് ടാറിങ് നടത്തിയതിന്. അതിനുശേഷം ഒരിക്കല്‍ പോലും അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ് റോഡ്.

പേരാമ്പ്ര ടൗണില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ അകലത്താണ് ഈ റോഡ്. അമ്പതില്‍പ്പരം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. എന്നാല്‍ ഓട്ടോറിക്ഷകള്‍ പോലും ഈ റോഡിലൂടെ വരാന്‍ തയ്യാറാവുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഈ റോഡിന്റെ 200 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യാനായി കഴിഞ്ഞസാമ്പത്തികവര്‍ഷം 3.5ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാല്‍ പ്രവൃത്തിക്ക് തുക തികയാതെ വന്നപ്പോള്‍ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. പ്രദേശവാസികള്‍ സംഘടിച്ച് ഒപ്പുശേഖരണം നടത്തുകയും ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലം ആരംഭിച്ചാല്‍ ഇതുവഴി നടന്നുപോകാന്‍ പോലും കഴിയില്ലെന്നും അതിനാല്‍ എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുക അനുവദിച്ചപ്പോള്‍ പ്രദേശവാസികള്‍ കോണ്‍ക്രീറ്റ് ചെയ്യേണ്ടെന്നും അടുത്ത ബജറ്റില്‍ ടാറിങ്ങിന് തുക അനുവദിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടതിനാലാണ് പണി നീണ്ടുപോയതെന്നാണ് വാര്‍ഡ് മെമ്പര്‍ സൗമിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. നിലവില്‍ ജലജീവന്‍ മിഷന്‍ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പില്‍ നടത്തുന്നുണ്ട്. വെട്ടിപ്പൊളിച്ച സ്ഥലത്ത് അവര്‍ ടാറിങ് നടത്തുമെന്നാണ് അറിയിച്ചത്. ഈമാസത്തോടെ അവരുടെ പ്രവൃത്തി അവസാനിക്കും. അതിനുശേഷം ഏറെ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍ ക്വാറി വെയ്റ്റിട്ട് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

[bot1]