ദേശീയപാത വികസനം: ഒടുവിൽ പയ്യോളിയില്‍ കെട്ടിടംപൊളിക്കല്‍ തുടങ്ങി; ടൗണ്‍ ജുമാമസ്ജിദ് റമദാന് ശേഷം പൊളിക്കും


പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പയ്യോളിയില്‍ കെട്ടിടം പൊളിക്കല്‍ തകൃതി. കോഴിക്കോട് ജില്ലയില്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ശേഷിക്കുന്ന ഒരേ ഒരു ടൗണ്‍ പയ്യോളി ആയിരുന്നു. പയ്യോളി ടൗണ്‍ ജുമാമസ്ജിദിന് അപ്പുറവും ഇപ്പുറവുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. റമദാന് ശേഷമാവും പള്ളി പൊളിച്ചുമാറ്റുക.

അഴിയൂര്‍-വെങ്ങളം റീച്ചില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പയ്യോളി. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ ഉപകരാറുകാരായ വഗാഡ് ഇന്‍ഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഈ മേഖലയിലെ പണി ഏറ്റെടുത്തിരിക്കുന്നത്.

മൂരാട് മുതല്‍ അയനിക്കാട് വരെയുള്ള ഭാഗത്ത് നിലവിലെ പാതയുടെ ഇരുവശവും മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. അഴിയൂര്‍-വെങ്ങളം റീച്ചില്‍ ഉള്‍പ്പെട്ട പുതുപ്പണം പാലോളിപ്പാലത്ത് പുതിയ പാത തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ദേശീയപാതയില്‍ ചീനംവീട് യു.പി സ്‌കൂള്‍ മുതല്‍ അരവിന്ദ് ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്താണ് പുതിയ റോഡ് നിര്‍മ്മിച്ചത്.

മൂരാട് പാലത്തിന് പകരം പുതിയ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കുന്ന പ്രാരംഭ ജോലികളും ധ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.