ദേശീയപാതാവികസനത്തിന്റെ മറവില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നതായി പരാതി
കൊയിലാണ്ടി: ദേശീയപാതാവികസനത്തിന്റെ മറവില്‍ വ്യാപകമായി തണ്ണീര്‍ത്തടങ്ങളും ചതുപ്പ് പ്രദേശങ്ങളും നികത്തുന്നതായി പരാതി. നിലവിലെ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ളപ്രദേശങ്ങളാണ് മണ്ണിട്ട് ഉയര്‍ത്തുന്നത്. പ്രാദേശിക അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അയനിക്കാട് കളരിപ്പടിക്ക് സമീപം റോഡിന് കിഴക്കുവശമുള്ള പൊയില്‍താഴെ പാടശേഖരത്തിന്റെ അരയേക്കറോളം ഭാഗം രണ്ട് ദിവസം കൊണ്ട് നികത്തി. ആളുകളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ സ്ഥലത്തിന്റെ മൂന്ന് ഭാഗവും മറച്ചുകൊണ്ടാണ് മണ്ണിട്ടത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലമാണ് ഇത്. മറ്റ് പലയിടങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. താഴ്ന്ന പ്രദേശങ്ങള്‍ നികത്താന്‍ പൊളിക്കുന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്. ദേശീയപാതാ നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികള്‍ക്ക് താമസിക്കാനാണ് ഇതെന്നാണ് പറയുന്നത്.
ചതുപ്പു പ്രദേശത്ത് താല്‍ക്കാലികമായി ശൗചാലയങ്ങളുണ്ടാക്കുന്നത് പരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ആശങ്കയുണ്ട്. റോഡുമായി ബന്ധപ്പെട്ട ജോലികള്‍ ഇവിടെ നടക്കുന്നതിനാല്‍ ഇതൊന്നും ആരുടെയും ശ്രദ്ധയില്‍ പെടില്ല. ദേശീയപാതാവികസനത്തിനായി കുഴിയെടുക്കുന്ന മണ്ണും കുന്നിടിക്കുന്ന മണ്ണും യഥേഷ്ടം ലോറിയില്‍ കൊണ്ടുവന്ന് തട്ടാന്‍ കഴിയുന്നതിനാല്‍ നികത്തല്‍ വേഗം നടക്കും.
ഇവിടെ റോഡിന് കിഴക്കു ഭാഗത്ത് കൊക്കര്‍ണ്ണിവയലിലെ പത്തേക്കറോളം സ്ഥലം ദേശീയപാതാ നിര്‍മ്മാണ പ്ലാന്റിനായി മണ്ണിട്ട് നികത്താനുള്ള ശ്രമം നേരത്തേ നാട്ടുകാര്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു.