വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നാടൊരുമിക്കുന്നു; സാധാരണക്കാരും പെന്‍ഷന്‍കാരും കുട്ടികളുമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി ആയിരങ്ങള്‍, വിവിധതരത്തിലുള്ള ധനസമാഹരണ പദ്ധതികളുമായി യുവജന സംഘടനകളും രംഗത്ത്


കൊയിലാണ്ടി: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചും മണ്ണ് പകുത്തും സ്‌നേഹക്കൂരകള്‍ക്കായി വാഗ്ദാനമറിയിച്ചും ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും കേരളം വയനാടിനൊപ്പം നില്‍ക്കുകയാണ്. സമ്പാദ്യ കുടുക്കകള്‍ വയനാടിനുവേണ്ടി നല്‍കുന്ന കുഞ്ഞുകുട്ടികള്‍, ഒരു ദിവസത്തെ കൂലി നല്‍കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍, ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരാകുന്നവർ തുടങ്ങി ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് നിരവധിയാളുകളാണ് ഇതിനകം രംഗത്തുവന്നത്.

വയനാടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും സ്ഥാപനങ്ങളും കൈ അയച്ചുള്ള സഹായവുമായി എത്തുന്നുണ്ട്. രാഷ്ട്രീയ, കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലുള്ളവരെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുണ്ട്. മലയാള, തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കുന്നുണ്ട്. സിനിമാ താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, സൂര്യ, ഫഹദ് ഫാസില്‍, അല്ലു അര്‍ജുന്‍, ദുല്‍ഖര്‍സല്‍മാന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് പണം നല്‍കിയത്. രാഷ്ട്രീയ സംഘടനകള്‍, വിവിധ തൊഴിലാളി സംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങി നൂറുകണക്കിന് വരുന്ന സംഘടനകളും ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനകം നിരവധി കുട്ടികളാണ് തങ്ങളുടെ കുഞ്ഞ് സമ്പാദ്യം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുള്ളത്. പ്രായമായവർ കന്നുകാലികളെ വിറ്റ പണവും പെന്‍ഷന്‍ തുകയുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയവരുമുണ്ട് ഏറെ. വിവാഹ വിരുന്ന് നടത്താന്‍ മാറ്റിവെച്ച തുകയും, പിറന്നാളാഘോഷിക്കാനുള്ള തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നവരുമുണ്ട്.

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ് വയനാടിന്റെ പുനരധിവാസത്തിനായി പണം കണ്ടെത്തുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡി.വൈ.എഫ്.ഐ ഫണ്ട് സമാഹരണത്തോട് നല്ല പ്രതികരണമാണ് ഉണ്ടാവുന്നത്. കൊയിലാണ്ടിയില്‍ നിന്നും പഴയ പത്രങ്ങളും, ആക്രിസാധനങ്ങളും, തേങ്ങകളും കുട്ടികള്‍ അവരുടെ സമ്പാദ്യക്കുടുക്കയിലെ പണവും ഈ ഉദ്യമത്തിനുവേണ്ടി ഡി.വൈ.എഫ്.ഐയ്ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ബൈക്കുകള്‍ വില്‍ക്കാനായി നല്‍കാനും കുറേപേര്‍ തയ്യാറായി.

പുനരധിവാസം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് ആരംഭിച്ച ധനസമാഹരണ പദ്ധതിക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇതിനകം അഞ്ചുകോടിയിലേറെ സമാഹരിച്ചതായാണ് വിവരം. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ തൊഴില്‍ തുടങ്ങിയ സമഗ്രമായ പുനരധിവാസ പദ്ധതിക്കുവേണ്ടിയാണ് ധനം സമാഹരിക്കുന്നത്. ആഗസ്റ്റ് 15വരെയാണ് ധനസമാഹരണം നടത്തുക. പ്രവാസികളടക്കം ആയിരക്കണക്കിന് ആളുകളാണ് ഇതിലേക്ക് തുക സംഭാവന നല്‍കുന്നത്. പ്രവാസി സംഘടനകളും ധനസമാഹരണത്തിനായി സജീവമായി രംഗത്തുണ്ട്.

കൊയിലാണ്ടി മേഖലയില്‍നിന്നും പുറക്കാട് സ്വദേശിയായ സുജേഷ് ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കാപ്പാട് സ്വദേശി യൂസഫ് അഞ്ച് സെന്റ് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ സ്വദേശിയായ റിട്ട. അധ്യാപകന്‍ ജബ്ബാര്‍ ഭൂമി വിട്ടുനല്‍കും. കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അഞ്ചുലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും ചെറുതും വലുതമായ സംഭാവനകള്‍ വയനാട്ടിനുവേണ്ടി നല്‍കുകയും നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.