ഇഷ്ടംപോലെ നത്തോലിയാണല്ലേ, എന്തുണ്ടാക്കുമെന്ന ചിന്തയിലാണോ? എന്നാല്‍ ഈ അച്ചാറൊന്ന് പരീക്ഷിച്ചുനോക്കൂ


ചെമ്മീന്‍ സീസണ്‍ കഴിഞ്ഞപ്പോള്‍ ഇപ്പോഴിതാ നത്തോലി സീസണായി. കിലോയ്ക്ക് ഇരുപതും മുപ്പതുമൊക്കെയാണ് പലയിടത്തും വില. ആദായത്തില്‍ കിട്ടുന്നതിനാല്‍ പലയിടത്തും രണ്ടും മൂന്നും കിലോ വാങ്ങിയിട്ടുണ്ടാകും. മുറിച്ച് വൃത്തിയാക്കിയെടുക്കാനാണ് പെടാപ്പാട്. കറിവെച്ചും, വറുത്തും, പീരയുണ്ടാക്കിയുമൊക്കെ എത്രയാന്നുവെച്ചാണ് കഴിക്കുക. മടുത്തുപോകും. അപ്പോഴൊന്ന് അച്ചാറിട്ടുവെച്ചാലോ. ഇപ്പോഴുള്ള തിന്നുമടുത്ത അവസ്ഥയ്ക്ക് ആശ്വാസവുമാകും, മീന്‍ വാങ്ങുന്നത് പോക്കറ്റ് കാലിയാക്കുമെന്ന സ്ഥിതിവരുമ്പോള്‍ തൊട്ടുകൂട്ടാന്‍ മീന്‍വിഭവവുമാകും.

അച്ചാര്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം:

ഒരു കിലോ നത്തോലിയുടെ തലയും വാലും കുടലുമെല്ലാം കളഞ്ഞ് കല്ലുപ്പിട്ട് വെള്ളം തെളിയുന്നതുവരെ കഴുകി വൃത്തിയാക്കി എടുക്കുക. മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലി, മൂന്ന് ടീസ്പൂണ്‍ കുരുമുളക്, മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, വെളുത്തുള്ളി ചതച്ചത്, ഇഞ്ചി, ഉപ്പ് എന്നിവ നത്തോലി മാരിനേറ്റ് ചെയ്തുവെക്കാം.

കുറച്ചധികം സമയം മാരിനേറ്റ് ചെയ്തുവെച്ചശേഷം വെളിച്ചെണ്ണയില്‍ കറിവേപ്പില കൂടി ഇട്ട് നത്തോലി നന്നായി വറുത്തെടുക്കുക. എണ്ണയില്‍ നിന്നും ഊറ്റിയെടുത്തശേഷം മാറ്റിവെക്കാം.

ഒരു പാത്രത്തില്‍ മൂന്നാല് സ്പൂണ്‍ നല്ലെണ്ണയൊഴിച്ച് കടുക് വറുക്കുക. ചെറുതായി നുറുക്കിയ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കായം എന്നിവ ചേര്‍ത്തിളക്കുക. മുളകുപൊടിയും വറുത്തുവെച്ച നെത്തോലിയും ഇടുക. മൂന്ന് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒഴിച്ച് നന്നായി ഇളക്കിയശേഷം ഇറക്കിവെക്കുക. അല്പം ഉലുവാപ്പൊടിയും ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. സ്വാദിഷ്ടമായ നത്തോലി അച്ചാര്‍ തയ്യാര്‍.