നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍; സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും, നാല് കുടുംബങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ വില്ലേജിലെ നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍. സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും. കുന്നിന് മുകളില്‍ ശക്തമായ ഉറവ രൂപം കൊണ്ടിട്ടുണ്ട്. കുന്നിന് സമീപത്തും താഴെയുമായി അറുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ദേശീയപാതാ നിര്‍മ്മാണത്തിനായി വഗാഡ് കമ്പനി ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും മണ്ണെടുക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ പുലപ്രക്കുന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ സിബില ചന്ദ്രന്‍ കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തത്ഫലമായി വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡമണ്ട് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പുലപ്രമേല്‍ നാരായണന്‍, കെ.കെ കരുണാകരന്‍ , വി.എം സൗമിനി , ചാത്തോത്ത് മീത്തല്‍ റസീന എന്നീ നാല് കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുടുംബങ്ങള്‍ക്ക് മാറിത്താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് താഴ്വാരം റസിഡന്‍സ് അസോസിയേഷനും ആവശ്യപ്പെട്ടു.