30 ദിവസത്തിനകം എസ്.ടി പ്ലാൻ്റ് നിർമ്മിച്ച് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് രേഖാമൂലം നന്തി വഗാഡ് കമ്പിനിയുടെ ഉറപ്പ്; സി.പി.ഐ.എം പ്രക്ഷോഭം മാറ്റിവെച്ചു


കൊയിലാണ്ടി: നാട്ടുകാരെ വലച്ച് നാളുകളായി നീണ്ടു നീണ്ടു പോകുന്ന നന്തിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പുമായി വഗാഡ് കമ്പിനി, പ്രക്ഷോഭം താത്കാലികമായി മാറ്റിവയ്ക്കാൻ തീരുമാനിച്ച് സി.പി.ഐ.എം. 30 ദിവസത്തിനകം എസ്.ടി പ്ലാൻ്റ് നിർമ്മിച്ച് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ആണ് രേഖാമൂലം നന്തി വഗാഡ് കമ്പിനി നൽകിയ ഉറപ്പ്.

നന്തി ശ്രീശൈലം കുന്നിലെ വഗാഡ് ലേബർ ക്യാമ്പിലെ മാലിന്യപ്രശ്നം പരിഹരിക്കുക, പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുക, എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.പി.ഐ.എം നന്തി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന ലേബർ ക്യാമ്പ് ഉപരോധസമരം ആണ് മാറ്റി വച്ചത്. സമരത്തിനാധാരമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാർട്ടി കൊടുത്ത കത്ത് പരിഗണിച്ച് 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് രേഖാമൂലം ഉറപ്പു നൽകുകയും പണി ആരംഭിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് മാറ്റി വച്ചതെന്ന് നേതാക്കൾ പറഞ്ഞു.

സ്ഥലം എം.എൽ.എ ആയ കനത്തിൽ ജമീലയുടെയും കൊയിലാണ്ടി തഹൽസിദാരുടെയും സാന്നിധ്യത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേർത്ത വഗാഡ് കമ്പനി അധികൃതരും സി.പി.ഐ.എം പ്രതിനിധികളുമായുള്ള അനുരഞ്ജന ചർച്ചയുടെ തീരുമാനപ്രകാരം മൂടാടി ഗ്രാമപഞ്ചായത്ത് നേതാക്കൾക്ക് രേഖാമൂലം ഉറപ്പു നൽകി.

നൽകിയിരിക്കുന്ന ഉറപ്പിൽ നിന്ന് വ്യതിചലനമുണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് പാർട്ടി നേതാക്കളുടെ അറിയിപ്പ്.

[md3]