നന്തി ശ്രീശൈലം കുന്ന് ഇടിച്ച് നിരത്തി നിര്‍മ്മിച്ച വഗാഡ് ലേബര്‍ ക്യാമ്പില്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍; സെപ്റ്റിക് ടാങ്ക് തകര്‍ന്നുവീഴാറായ നിലയില്‍, കക്കൂസ് മാലിന്യങ്ങള്‍ റോഡിലേക്ക് ഒലിക്കുന്നു- ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: നന്തി ശ്രീശൈലം കുന്ന് ഇടിച്ച് നിരത്തി നിര്‍മ്മിച്ച വഗാഡ് ലേബര്‍ ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ പെയ്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു. ക്യാമ്പില്‍ നിന്നും മണ്ണ് ഒലിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. മണ്ണൊലിപ്പിനെ തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് ഇടിഞ്ഞുവീഴാറായ നിലയിലാണ്.

കഴിഞ്ഞദിവസം സെപ്റ്റിക് മാലിന്യങ്ങള്‍ പൈപ്പ് പൊട്ടിച്ച് ജെ.സി.ബിവെച്ച് കുഴിയുണ്ടാക്കി ആ കുഴിയിലേക്ക് മാറ്റിയിരുന്നു. മഴയത്ത് ഈ കുഴി നിറഞ്ഞ് മാലിന്യങ്ങളടങ്ങിയ ജലം റോഡിലേക്ക് ഒഴുകുന്ന നിലയിലാണെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ശ്രീശൈലം കുന്ന് ആറ് മീറ്ററോളം ഇടിച്ചുനിരത്ത് ആ മണ്ണ് അതിന്റെ താഴ് വാരത്ത് നിക്ഷേപിച്ചു തയ്യാറാക്കിയ മനുഷ്യനിര്‍മ്മിതമായ കുന്നിലാണ് ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഈ നിര്‍മ്മാണത്തിലെ അപകട സാധ്യതകള്‍ നേരത്തെ തന്നെ പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ലേബര്‍ ക്യാമ്പിന് വെട്ടുകല്ലിലും കോണ്‍ക്രീറ്റിലും ചുറ്റുമതില്‍ തീര്‍ത്ത് അപകട സാധ്യത ഇല്ലാതാക്കുമെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. എന്നാല്‍ വെട്ടുകല്ലില്‍ മതില്‍ നിര്‍മ്മിച്ച ഭാഗം അപകടാവസ്ഥയിലാണ്. ഏതുസമയത്തും മതില്‍ ഇടിയാമെന്ന നിലയിലാണ്.

കൂടാതെ മറ്റുഭാഗങ്ങളില്‍ ഷീറ്റിട്ട് മറിക്കുകമാത്രമാണ് ചെയ്തത്. ഇന്നത്തെ മഴയ്ക്കു പിന്നാലെ ഇവിടെ നിന്നും മണ്ണ് ഒലിച്ച് റോഡിലേക്ക് വീഴുകയാണ്.

മഴ ശക്തിയാവുന്നതോടെ അപകട ഭീഷണിയും കൂടുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.