ഏതാനും മീറ്ററുകൾ സഞ്ചരിച്ചാൽ എത്താമായിരുന്ന കൊയിലാണ്ടി ന​ഗരത്തിലെത്താൻ ഇപ്പോൾ കിലോ മീറ്ററുകൾ സഞ്ചരിക്കണം; പന്തലായനി ഭാ​ഗത്തെ യാത്രാ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് ജില്ലാ കലക്ടർ


കൊയിലാണ്ടി: പന്തലായിനിയിലൂടെ കടന്നുപോകുന്ന നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കാരണം യാത്രാ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിം​ഗ് സന്ദർശിച്ചു. കാട്ടുവയൽ റോഡിൽ ബോക്സ് കൾ വെർട്ട് സ്ഥാപിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും നാഷണൽ ഹൈവേ അതോറിറ്റിയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ഗതാഗത സംരക്ഷണ സമിതി ചെയർമാൻ പി. പ്രജിഷ, ജനറൽ കൺവീനർ പി. ചന്ദ്രശേഖരൻ, പന്തലായിനി ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ, പി.ടി. എ പ്രസിഡണ്ട് പി.എം. ബിജു എന്നിവർ പങ്കെടുത്തു.

നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പന്തലായിനി – വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം എഴര മീറ്റര്‍ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ എങ്ങനെയാണ് സര്‍വീസ് റോഡില്‍ പ്രവേശിക്കുക എന്നതും പ്രശ്നമായി നിലനിൽക്കുന്നു.

നിലവിൽ ഒരു കിലോ മീറ്റർ താഴെ മാത്രം ദൂരത്തിൽ സഞ്ചരിച്ചാൽ വിദ്യാർത്ഥികൾക്ക് പന്തലായിനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ആര്‍.ശങ്കര്‍ മെമ്മോറിയല്‍ കോളജ്, ഗുരുദേവ മെമ്മോറിയല്‍ കോളജിലുമൊക്കെ എത്താൻ സാധിക്കുമായിരുന്നു. എന്നാൽ ബെെപ്പാസ് വരുന്നതോടെ സ്ഥിതി മാറും. രണ്ടിലധികം കിലോ മീറ്ററുകൾ ഇവർ അധികം സഞ്ചരിക്കേണ്ടി വരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

പന്തലായനി ഭാ​ഗങ്ങളിൽ നിന്നും മറ്റുമായി നിരവധി വിദ്യാർത്ഥികളായിരുന്നു പന്തലായിനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ പഠനം നടത്തിയിരുന്നത്. നടന്നും, സെെക്കളിലും മറ്റുമായിരുന്നു ഇവർ സ്കൂളിലേക്ക് വന്നിരുന്നത്. എന്നാൽ ബെെപ്പാസ് നിർമ്മാണം കാരണം വിദ്യാർത്ഥികളുടെ സു​ഗമമായ യാത്രയേയും ഇത് ബാധിച്ചു. ഇത് കാരണം സ്കൂളിൽ ഇത്തവണ അഡ്മിഷനും കുറഞ്ഞിട്ടുണ്ട്.

നിലവിൽ കൊയിലാണ്ടി മൂത്താമ്പി റോഡ് കഴിഞ്ഞാൽ കൊല്ലത്താണ് അടിപ്പാതയുള്ളത്. അതിനാൽ തന്നെ കൊയിലാണ്ടി ന​ഗരത്തിൽ എത്താനും, മിനി സിവില്‍ സ്റ്റേഷന്‍, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് ബെെപ്പാസിന്റെ കിഴക്കുവശത്തുള്ളവർക്ക് എത്തിപ്പെടുക പ്രയാസമാണ്. നേരത്തെ കുറഞ്ഞ ദൂരത്തിൽ സഞ്ചരിച്ചിരുന്ന ഇവർ കൊയിലാണ്ടി- മുത്താമ്പി റോഡിലൂടെയോ കൊല്ലം അടിപ്പാത വഴി ചുറ്റി കറങ്ങിയോ കിലോമീറ്ററുകൾ താണ്ടിവേണം ഇനി ഇവിടേയ്ക്ക് എത്താൻ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ഇത് ബാധിക്കും.