98ാം വാര്‍ഷികാഘോഷത്തിന്റെ തിളക്കത്തില്‍ നമ്പ്രത്ത്കര യു.പി സ്‌കൂള്‍; വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും


കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്‌കൂളിലെ തൊണ്ണൂറ്റി എട്ടാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകനായ സതീശ് കുമാര്‍.പി.സി, അശോകന്‍.കെ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. യുവ കവയിത്രിയും ചലച്ചിത്ര അക്കാദമി റീജിയണല്‍ കോഡിനേറ്ററുമായ നവീന സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.

ശാസ്ത്ര കണ്ടുപിടുത്തത്തിന് മികച്ച നേട്ടം കൈവരിച്ച പൂര്‍വ വിദ്യാര്‍ഥിയായ രോഹിത് സോമന്‍, പ്രശസ്ത കലാകാരന്‍ മധുലാല്‍, ഡോ.മുഹമ്മദ് ആഷിക്, സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത അര്‍ജുന്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വായന കൗണ്‍സില്‍ ജില്ലാതല വായന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ലിന്‍ഷ, സ്റ്റെപ്, അറബിക്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ്, പത്രവാര്‍ത്ത മെഗാ ക്വിസ് വിജയികള്‍ക്കും അനുമോദനങ്ങള്‍ നല്‍കി.

പി.ടി.എ പ്രസിഡന്റ് സുനില്‍ പാണ്ട്യടത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക സുഗന്ധി.ടി.പി റിപ്പോര്‍ട്ട് അവതരണം നടത്തി. സ്വാഗത സംഘം കണ്‍വീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.സി.രാജന്‍ സ്വാഗതവും കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അമല്‍സരാഗ, മാനേജര്‍ കെ.രാഘവന്‍, മുന്‍ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം.ശ്രീഹര്‍ഷന്‍ മാസ്റ്റര്‍, സന്ധ്യാ നിവാസ് കുഞ്ഞിരാമന്‍, ഒ.കെ.സുരേഷ്, ഉമയിബാനു, റിയാസ് കനോത്ത്, ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപിഷ്.ജി.എസ് നന്ദി പറഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.