വളരും വോളി, ഉയര്‍ന്നുവരും പുതിയ താരങ്ങള്‍; ഉദ്ഘാടനത്തിനൊരുങ്ങി നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി
നടുവണ്ണൂര്‍: മലബാറിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി ഉദ്ഘാടനത്തിന് ഒരുങ്ങി. സെപ്റ്റംബര്‍ 16ന് രാവിലെ 11 മണിക്ക് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നാടിനു സമര്‍പ്പിക്കും. കാവുന്തറയിലെ തെങ്ങിടപറമ്പില്‍ വോളി അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10.63 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
പഠനത്തിനൊപ്പം കുട്ടികള്‍ വോളിബോള്‍ കളിച്ച് വളരണമെന്ന നാടിന്റെ സ്വപ്നമാണ് കായിക വകുപ്പും സര്‍ക്കാരും സഫലമാക്കുന്നത്.
3,687 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ രണ്ട് ഇന്‍ഡോര്‍ കോര്‍ട്ടാണ് തയ്യാറാക്കിയത്. വിശാലമായ തിയറി ക്ലാസ്മുറിയും മള്‍ട്ടിജിമ്മും ഒന്നാം നിലയിലാണ് ഒരുക്കിയത്. കുട്ടികള്‍ക്കുള്ള ഡോര്‍മെറ്ററികള്‍ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാംനിലയിലുമുണ്ട്. രണ്ട് ലിഫ്റ്റും ഒരുങ്ങി.
അക്കാദമിയുടെ മുറ്റത്താണ് ഔട്ട്‌ഡോര്‍ കോര്‍ട്ട് തയ്യാറാക്കിയത്. നൂറുകുട്ടികള്‍ക്ക് താമസസൗകര്യം, അടുക്കള, ഓഫീസ്, മള്‍ട്ടി ജിം ഭക്ഷണശാല, തിയറി ക്ലാസ്മുറി, തുടങ്ങിയ സൗകര്യങ്ങളുണ്ട്. 50 കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം.