നടുവണ്ണൂരിന് ആഘോഷമായി വ്യാപാരമേള; പ്രാദേശിക വ്യാപാരമേഖലയെ ശക്തിപ്പെടുത്താനായി വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് ശ്രദ്ധേയമാവുന്നു
നടുവണ്ണൂര്‍: ഒട്ടേറേ വ്യാപാര സ്ഥാപനങ്ങളാല്‍ സമൃദ്ധമായ സ്ഥലമാണ് നടുവണ്ണൂര്‍. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫര്‍ണ്ണിച്ചര്‍ കടകള്‍, ജ്വല്ലറി ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ഒരു നഗരത്തിന് സമാനമായി എല്ലാത്തരം സ്ഥാപനങ്ങളും നടുവണ്ണൂരിലുണ്ട്. നടുവണ്ണൂരിന്റെ ഷോപ്പിങ് അനുഭവത്തെ മറ്റൊരു തരത്തിലേക്ക് എത്തിക്കാനായി വ്യാപാരികളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ഷോപ്പിങ് ഉത്സവമാണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 31 നാണ് നടുവണ്ണൂര്‍ ഫെസ്റ്റ് ആരംഭിച്ചത്. കോഴിക്കോട് ലോക്‌സഭാ അംഗം എം.കെ.രാഘവനാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 30 ന് സമാപിക്കും. സമാപന സമ്മേളനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
നടുവണ്ണൂരിലെ വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാപാരോത്സവം നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും നടുവണ്ണൂര്‍ പൂര്‍ണ്ണമായി വ്യാപാരസൗഹൃദമായിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി തുടങ്ങിയ നഗരങ്ങളിലേക്കാണ് നടുവണ്ണൂരിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി പോകുന്നത്.
എന്നാല്‍ ഈ നഗരങ്ങളില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങളും നടുവണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇക്കാര്യം നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ പ്രാഥമികമായ ഉദ്ദേശലക്ഷ്യം.
ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കുത്തക ഭീമന്മാരെ സാധനങ്ങള്‍ വാങ്ങാനായി ആശ്രയിക്കുന്നത് നിര്‍ത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇത്തരം കുത്തക കമ്പനികള്‍ നമ്മുടെ നാട്ടിലെ പണം മുഴുവന്‍ കൈക്കലാക്കി പോകുമ്പോഴും ഒരു രൂപ പോലും നാടിനായി ചെലവഴിക്കുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ നാടിനെ സഹായിക്കാനായി ഇത്തരം കമ്പനികളല്ല, നാട്ടിലെ വ്യാപാരികളാണ് മുന്നോട്ടു വന്നത്. അതിനാല്‍ എല്ലാവരും നാട്ടിലെ കടകളില്‍ നിന്ന് തന്നെ സാധനങ്ങള്‍ വാങ്ങണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ഫെസ്റ്റിന്റെ മുന്നോടിയായി നടുവണ്ണൂര്‍ ടൗണിന്റെ സൗന്ദര്യവല്‍ക്കരണമാണ് നടത്തിയത്. പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു ഇത്. വ്യാപാരികള്‍ ഒത്തുചേര്‍ന്ന് നടുവണ്ണൂര്‍ ടൗണ്‍ ശുചീകരിച്ചു. ഓഗസ്റ്റ് 26 നായിരുന്നു ഇത്.
നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സാന്ത്വനം എന്ന ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നടുവണ്ണൂര്‍ യൂണിറ്റില്‍ 402 അംഗങ്ങളാണ് ഉള്ളത്. എല്ലാ അംഗങ്ങളുടെയും കടകളില്‍ സാന്ത്വനം പദ്ധതിക്കായി പണം സമാഹരിക്കാനുള്ള ഒരു പെട്ടി വെച്ചിട്ടുണ്ട്.
ഓരോ കടക്കാരനും തന്റെ കടയിലെത്തുന്ന ഉപഭോക്താവില്‍ നിന്ന് കുറഞ്ഞത് ഒരു രൂപയോ അതിന് മുകളിലുള്ള തുകയോ നിര്‍ബന്ധമായി ഈ പെട്ടിയിലേക്ക് ശേഖരിക്കണം. ഒരു മാസം കൊണ്ട് ഒരു ലക്ഷം രൂപ ഇതുവഴി സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇങ്ങനെ സമാഹരിക്കുന്ന തുക സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ഈ തുക നല്‍കും. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാറ് വാര്‍ഡ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തി തുക കൈമാറുക.
നടുവണ്ണൂര്‍ ബാങ്ക് വളപ്പില്‍ നടക്കുന്ന ഫെസ്റ്റില്‍ സെപ്റ്റംബര്‍ 3, 4, 5 തിയ്യതികളില്‍ കുടുംബശ്രീയുടെ മേള ഉണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ ഉള്‍പ്പെടെ ഇവിടെ നടക്കും. നടുവണ്ണൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, രക്തദാന ക്യാമ്പ്, നേത്രപരിശോധനാ ക്യാമ്പ്, വ്യാപാരികളുടെ കുടുംബസംഗമം എന്നിവയും നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
summary: Naduvannur trade fest organized by trade association to strengthen the local trade sector is noteworthy