രണ്ടുപതിറ്റാണ്ടിലേറെ നടുവണ്ണൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകന്‍, വിരമിച്ചപ്പോള്‍ സ്‌കൂളിന് സമ്മാനമായി ഗാന്ധി പ്രതിമ; വികാരനിര്‍ഭരമായി യാത്രയയപ്പ് ചടങ്ങ്


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛദനവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. ഈ വര്‍ഷം വിരമിക്കുന്ന ചിത്രകല, സ്‌കൗട്ട് അധ്യാപകന്‍ കെ.സി.രാജീവന്‍ മാസ്റ്ററാണ് ഗാന്ധി പ്രതിമ സ്‌കൂളിന് സമര്‍പ്പിച്ചത്. വൈകുന്നേരം നാലു മണിയോടെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗാന്ധി പ്രതിമയുടെ അനാച്ഛദന കര്‍മം നിര്‍വഹിച്ചു.

ഇരുപത്തിനാലോളം വര്‍ഷത്തോളം ഈ സ്‌കൂളില്‍ ചിത്രകല, സ്‌കൗട്ട് അധ്യാപകനായ രാജീവന്‍ മാസ്റ്റര്‍ സ്‌കൂളിനോട് വിട പറയുമ്പോള്‍ സ്വന്തം ചിലവില്‍ ഗാന്ധി പ്രതിമ സ്‌കൂളിന് നിര്‍മിച്ച് നല്‍കി അധ്യാപക സമൂഹത്തിന് മാതൃകയായി. വൈകുന്നേരം നാലു മണിയോടെ മന്ത്രി പ്രതിമ അനാച്ഛാദന കര്‍മത്തിനുശേഷം ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് നല്‍കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഇ.കെ.ഷാമിനി ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു.
സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ടി.മുനാസ് മാസ്റ്റര്‍, കെ.സി.രാജീവന്‍ മാസ്റ്റര്‍, ടി.എം.സുരേഷ് ബാബു മാസ്റ്റര്‍, എന്‍.കെ.പങ്കജാക്ഷി ടീച്ചര്‍ എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍, പ്രശസ്ത ചിത്രകാരന്‍ വിഷ്ണു നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. കൂടാതെ ഹാരി സതീഷ്, അഭിനവ്, അലന്‍ കി ഷന്‍, ശ്രീഹരി എന്നീ വിദ്യാര്‍ത്ഥികള്‍ വരച്ച രാജീവന്‍ മാസ്റ്ററുടെ ചിത്രങ്ങളുടെ സമര്‍പ്പണവും നടന്നു.

ചിത്രകല അധ്യാപകന്‍ കൂടിയായ കെ.സി.രാജീവന്‍ മാസ്റ്ററോടുള്ള സ്‌നേഹാദര സൂചകമായി ഒരുക്കിയ ‘രാജീവം’ ചിത്രപ്രദര്‍ശനം ചലച്ചിത്ര സംവിധായകന്‍ ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, വിഷ്ണു നമ്പൂതിരി മാസ്റ്റര്‍, ഗ്രാമ പഞ്ചായത്തംഗം, ടി.സി.സുരേന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.ജലീല്‍, വാര്‍ഡ് മെമ്പര്‍ സജീവന്‍ മക്കാട്ട്, എസ്.എം.സി.ചെയര്‍മാന്‍ ഷിബീഷ് നടുവണ്ണൂര്‍, ജിജിഷ് മോന്‍, എ.പി.ഷാജി മാസ്റ്റര്‍, എം.കെ.പരീത് മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സുധീഷ് മാസ്റ്റര്‍, ബാബുവടക്കയില്‍, ആദര്‍ശ് പുതുശ്ശേരി, ഇ.അഹമ്മദ് മാസ്റ്റര്‍, ടി.പക്കര്‍, അശോകന്‍ പുതുക്കുടി, സുഹാജ് നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ പ്രധാനാധ്യാപകന്‍ ടി. മുനാസ് മാസ്റ്റര്‍, കെ.സി.രാജീവന്‍ മാസ്റ്റര്‍, ടി.എം.സുരേഷ് ബാബു മാസ്റ്റര്‍, എന്‍.കെ.പങ്കജാക്ഷി ടീച്ചര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഡപ്യൂട്ടി എച്ച്.എം. എ.ഷീജ ടീച്ചര്‍ നന്ദി പറഞ്ഞു.