‘ആക്രമണത്തിൽ എന്റെ മകന്റെ ഇടതു ചെവിയുടെ കർമ്മപടം തകർന്നു’, നാദാപുരം എംഇടി കോളേജിലെ റാഗിങ് പരാതി; ഒൻപത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കോളേജ് അധികൃതർ


വടകര: നാദാപുരം എംഇടി കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ റാഗ് ചെയ്ത പരാതിയിൽ ഒൻപത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ മര്‍ദിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

ഒക്ടോബർ 26 ന് പതിനഞ്ച് പേർ അടങ്ങിയ സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് റാഗിങ്ങിന് വിധേയരായവർ പറയുന്നു. കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ ഷർട്ട് കീറിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നു. ക്യാമ്പസിനകത്ത് വച്ച് നിഹാൽ ഷർട്ടിന്റെ ബട്ടൺ ഇട്ടതിന് ചൊല്ലിയായിരുന്നു സംഘർഷം തുടങ്ങിയത്. തുടർന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നിൽവച്ച് തല്ലുകയായിരുന്നു.

ഒന്നാംവർഷ ബികോം വിദ്യാർത്ഥികളായ നിഹാൽ, മുഹമ്മദ് റാദിൻ, ബിസിഎ വിദ്യാർഥി മുഹമ്മദ് സലാവുദ്ദീൻ എന്നിവരാണ് പരാതി നൽകിയത്.

നിഹാലിന്റെ ഇടതു ചെവിയുടെ കർമ്മപടം തകർന്നതായും ഇതിന്റെ ചികിത്സ നടക്കുന്നതായും ബാപ്പ അഴിച്ചോത്ത് വില്ലയിൽ ഹമീദ് കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു. ഹമീദ് കോളേജിൽ എത്തിയാണ് നിഹാലിനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചത് മർദ്ദനത്തിന് ഒൻപത് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

സീനിയർ വിദ്യാർത്ഥികളായ കെ.മുഹമ്മദ്, കെ.മുഹമ്മദ് ഷാഫി, എം.മുഹമ്മദ് ഷിബിൽ, മുഹമ്മദ് നാഫില്‍, എം.കെ മുഹമ്മദ് മുനീഫ്, മുഹമ്മദ് ഫർഹാൻ, ഷെമിൽ എന്നിവരെയാണ് കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തത്.