ഇനി മാലിന്യം വലിച്ചെറിയാമെന്നു വിചാരിക്കേണ്ട, പിടികൂടാൻ ക്യാമറ വരുന്നു; അപകടമോ, ആശുപത്രിയിൽ അഡ്മിറ്റ് ആവുകയോ ചെയ്താൽ സഹായമാവാൻ വാർഡിലെ എല്ലാവർക്കും ഇൻഷുറൻസ്; വികസനത്തിന്റെ മുഖമുദ്രയാവാൻ ഒരുങ്ങി കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷൻ, ഇനി മുത്താമ്പി പഴയ മുത്താമ്പിയല്ല


കൊയിലാണ്ടി: നാടിനെയും നാട്ടുകാരെയും കരുതലിന്റെ കരങ്ങളിൽ ഒന്നായി കോർത്തിണക്കി വികസനത്തിന്റെ മുഖമുദ്രയാവാനൊരുങ്ങി മുത്താമ്പി. പ്രായ വ്യത്യാസങ്ങളില്ലാതെ നാട്ടിലെ എല്ലാവർക്കും പ്രയോജനകരമാവുന്ന പദ്ധതികളാണ് മുത്താമ്പി ഡിവിഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്. വീകസനത്തിൽ ‘മോഡൽ’ ആവാൻ ഒരുങ്ങുകയാണ് മുത്താമ്പി. ഇതിനെല്ലാം ചുക്കാൻ പിടിച്ചു കൊണ്ട് വാർഡ് കൗൺസിലർ എൻ.എസ് വിഷ്ണു മുൻ പന്തിയിൽ തന്നെയുണ്ട്, പിന്തുണയുമായി നാട്ടുകാരും. ‘നാടിനെ ഒന്നാകെ വേറെ ലെവൽ ആക്കാനുള്ള സ്വപ്ന പദ്ധതികളുമായി ഒരുങ്ങിയിരിക്കുകയാണ് വാർഡ് കൗൺസിലർ. തന്റെ നാട്ടുകാർക്കെല്ലാം പരിരക്ഷയായി ഇൻഷുറൻസ്, മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യോടെ പിടിക്കാൻ തേർഡ് ഐ, അർഹർക്കെല്ലാം പെൻഷൻ തുടങ്ങി തന്റെ സ്വപ്നപദ്ധകൾ എൻ.എസ്. വിഷ്ണു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പങ്കു വെയ്ക്കുന്നു.

‘ഞങ്ങളുടെ വാർഡിൽ ചിറ്റാരി നട എന്നൊരു പ്രദേശമുണ്ട്, പലർക്കും അതൊരു മാലിന്യ നിക്ഷേപ സ്ഥലമായി മാറിയിരുന്നു. പലപ്പോഴും പലരും ഇവിടെ ഉറക്കമൊഴിച്ചു കാത്തിരുന്നിട്ടുണ്ട്, ആളെ പിടികൂടാൻ. എന്നാൽ സാധിച്ചില്ല. കൊല്ലത്തിൽ അഞ്ചോ ആരോ പ്രാവിശ്യം മെഷീൻ ഉപയോഗിച്ചും അല്ലാതെയും മാലിന്യങ്ങൾ ഒഴിവാക്കുകയും കള പറിച്ചു കളയുകയും ചെയ്തു. എന്നിട്ടുമൊരു പോംവഴി ആയില്ല. കഴിഞ്ഞയിടെ വൃത്തയാക്കുന്നതിനിടെ കൊല്ലത്തുള്ള ഒരു കടയുടെ നിരവധി വേസ്റ്റ് ഒരു പ്രദേശത്ത് കൊണ്ടിട്ടിരുന്നതായി കണ്ടെത്തി, എന്നാൽ അഡ്രസ് കൃത്യമായി ഇല്ലായിരുന്നതിനാൽ നടപടി എടുക്കാൻ സാധിച്ചില്ല. അങ്ങനെയാണ് അവസാന പോംവഴിയായി ക്യാമറ വെയ്ക്കാമെന്ന ആശയം വരുന്നത്. പ്രധാന റോഡിൽ നിന്ന് രണ്ടു രണ്ടര കിലോമീറ്റർ ദൂരത്തിൽ സി.സി.ടി.വി വെയ്ക്കാൻ ആണ് തീരുമാനമെടുത്തത്. കെൽട്രോണുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർ വന്നു നോക്കി എത്രയെണ്ണം വേണമെന്നും ഏതു ദൂരത്തിൽ വേണമെന്നും മറ്റുമുള്ള നടപടികൾ എടുക്കണം’. വിഷ്ണു പറഞ്ഞു.

വാർഡിലുള്ള മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ എന്ന സ്വപ്നമാണ് അമൃതം ജീവനം എന്ന പദ്ധതിയിലേക്ക് നയിച്ചത്. അഞ്ചു വയസ്സ് മുതൽ എൺപത് വയസ്സ് വരെയുള്ള എല്ലാവരെയും ഇതിൽ ഉൾകൊള്ളിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ജോലി സ്ഥലത്ത് സംഭവിക്കുന്ന അപകടം, റോഡ് ആക്സിഡന്റ്, മരണം തുടങ്ങിയവ എല്ലാം ഇതിൽ ക്ലെയിം ചെയ്യാം. ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ടി വരുകയാണെങ്കിൽ അൻപതിനായിരം രൂപ വരെ ലഭിക്കും. ഇതിനു കുടുംബത്തിലെ ഓരോരുത്തരും 153 രൂപ പ്രീമിയത്തിലാണ് വാർഷിക പ്രീമിയം കണക്കാക്കുന്നത്. എന്നാൽ പദ്ധതിയുടെ വിജയം നാട്ടുകാരെ ആശ്രയിച്ചിരിക്കും. ഇതിൽ ചേരാനുള്ള ആളുകളുടെ താല്പര്യം പ്രധാനമാണ്. നിർബ്ബന്ധിച്ചു എടുക്കാൻ പറ്റില്ലല്ലോ.

 

അർഹമായ മുഴുവൻ പേർക്കും സാമൂഹ്യപെൻഷൻ ഉറപ്പ് വരുത്താനാണ് സേവന പദ്ധതി എന്ന ആശയം അവതരിപ്പിച്ചത്. വാതിൽപ്പടി സേവനങ്ങൾ പോലെയുള്ളവ പൂർണ്ണമായും പ്രാവർത്തികമായിട്ടില്ല. മാസത്തിൽ ഓരോ ക്യാമ്പ് വീതം നടത്തി അർഹരായവർ തങ്ങളുടെ ഡോക്യൂമെന്റസ് അവിടെ സമർപ്പിച്ചാൽ ഒരുമിച്ച് നഗരസഭയിൽ നൽകാം എന്നതാണ് അതിന്റെ പ്രത്യേകത. യഥാസമയം പെൻഷൻ ഉറപ്പു വരുത്താൻ ഇത് സഹായമാകും.

 

പദ്ധതികൾ മികവുറ്റതാക്കാൻ നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിനായി പതിനഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കുടുംബ ശ്രീ അംഗങ്ങളുമായി സംസാരിച്ചതായി വാർഡ് കൗൺസിർ പറഞ്ഞു. അവരെല്ലാം പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.

നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തോടെ ഇതെല്ലം യാഥാർത്ഥ്യമാവണമെന്നാണ് ആഗ്രഹം. ഇതോടെ സാമൂഹ്യ ഇടപെടലുകൾ നടത്തി, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വാർഡായി മുത്താമ്പി വാർഡ് മാറും.