‘തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയം തിരുത്തുക’: കൊയിലാണ്ടി നഗരസഭയ്ക്കു മുമ്പില്‍ മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ


കൊയിലാണ്ടി: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അനീതിക്കെതിരെ ജനുവരി 24 ന് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്‌സ് ലീഗ് നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച ഫണ്ട് തിരിച്ച് പിടിച്ച് തദ്ധേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പിണറായി സർക്കാറിൻ്റെ നയം തിരുത്തണമെന്നും തദ്ധേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട ഫണ്ടുകൾ സർക്കാർ യഥാസമയം നൽകണമെന്നും ടി.ടി ഇസ്മയിൽ ആവശ്യപ്പെട്ടു.

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. എ.അസീസ്, ഫാസിൽ നടേരി, എം.അഷറഫ്, വി.എം ബഷീർ, കെ.ടി.വി.റഹ്മത്ത്, ബാസിത്ത് മിന്നത്ത്, ഹാഷിം വലിയമങ്ങാട്, സലാം ഓടക്കൽ സംസാരിച്ചു. കെ.എം.നജീബ് സ്വാഗതവും വി.വി. ഫക്രുദ്ധീൻ നന്ദിയും പറഞ്ഞു.