ദേശീയപാത പണി ആരംഭിച്ചത് മുതല്‍ തീരാ തലവേദനയായ കൊല്ലം അടിപ്പാതയിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കി നഗരസഭ
കൊയിലാണ്ടി: ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം- നെല്യാടി റോഡിലെ അടിപ്പാതയ്ക്ക് സമീപം ഒരു മാസമായി രൂപപ്പെട്ട വെള്ളക്കെട്ട് നഗരസഭ ഇടപെട്ട് ഒഴിവാക്കി. ഹൈവേ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് മുചുകുന്ന് റോഡ്, അട്ടവയല്‍, പനച്ചിക്കുന്ന്, പുളിയഞ്ചേരി ഭാഗം, കന്മനക്കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം അമ്പാ തോട് വഴി ചോര്‍ച്ച പാലം ഭാഗത്തേക്ക് ഒഴുകിപ്പോയിരുന്നു.
എന്നാല്‍ ഹൈവേ നിര്‍മ്മാണം ആരംഭിച്ചതോടുകൂടി സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് മുഴുവന്‍ വെള്ളവും മേല്‍പ്പാലത്തിനടിയില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വെള്ളക്കെട്ട് മൂലം കീഴരിയൂര്‍ മേപ്പയൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരും നാട്ടുകാരും മാസങ്ങളായി വളരെയധികം പ്രയാസമാണ് നേരിട്ടത്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നാട്ടുകാരും രാഷ്ട്ട്രീയപാര്‍ട്ടിക്കാരും ഒന്നിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കുമെന്ന് വഗാഡ് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും പാലത്തിനടിയില്‍ ക്വാറി വേസ്റ്റ് നിക്ഷേപിച്ച് ഉയര്‍ത്തുകയല്ലാതെ വെള്ളം ഒഴുകി പോകുന്നതിന് യാതൊരു നടപടിയും കരാര്‍ ഏറ്റെടുത്ത കമ്പനി തയ്യാറായില്ല.
തുടര്‍ന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ടിന്റെയും പൊതുമരാമത്ത് ചെയര്‍മാന്‍ ഇ.കെ. അജിത്തിന്റെയും സെക്രട്ടറി ഇന്ദു എസ് ശങ്കരിയുടെയും നിര്‍ദ്ദേശപ്രകാരംപരിഹാര നടപടി സ്വീകരിച്ചത്. നഗരസഭ ഹെല്‍ത്ത് വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ടി. കെ. സതീഷ് കുമാറിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദിന്റെയും നേതൃത്വത്തില്‍ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് 75 മീറ്ററോളം ഹൈവേയ്ക്ക് സമാന്തരമായി അമ്പാത്തോട് പുനര്‍ നിര്‍മ്മിച്ചാണ് വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമൊരുക്കിയത്.