”പെന്‍ഷന്‍കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്‌കരണ കാലഘട്ടത്തില്‍”; കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം കണ്‍വന്‍ഷനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍


കൊയിലാണ്ടി: സംസ്ഥാനത്തെ പെന്‍ഷന്‍ കാര്‍ക്കും ജീവനക്കാര്‍ക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്തെ പത്താം ശമ്പളക്കമ്മീഷന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോഴാണെന്ന് മുന്‍ കെ.പി.സി.സി.അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ ദിനമായ ഡിസംബര്‍ 17ന് പെന്‍ഷന്‍കാര്‍ അവരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു. രത്നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, എന്‍.മുരളീധരന്‍, അഡ്വ.കെ.വിജയന്‍, ജില്ലാ ട്രഷറര്‍ ടി.ഹരിദാസന്‍, ടി.കെ.കൃഷ്ണന്‍, പി.മുത്തു കൃഷ്ണന്‍, രാജീവന്‍ മഠത്തില്‍, പ്രേമന്‍ നന്മന, ശിവരാമന്‍ തിക്കോടി, രവീന്ദ്രന്‍ മണമല്‍ എന്നിവര്‍ സംസാരിച്ചു.

രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.അപര്‍ണ, കര്‍ണാടക ഹാസന്‍ ഗവ: മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ഡോ.ശിഖാ ദാസ്.വി എന്നിവരെ ആദരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഒ.എം.രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വാഴയില്‍ ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍.നാരായണന്‍ അധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.വത്സരാജ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ട്രഷറര്‍ പി.ബാബുരാജ് വരവു ചെലവു കണക്കവതരിപ്പിച്ചു. എന്‍.കെ.പ്രേമന്‍, അശോകന്‍.ടി. എന്നിവര്‍ സംസാരിച്ചു.