ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി; എം.ടി.വാസുദേവന്‍ നായര്‍ ഇനി ഓര്‍മ്മ


കോഴിക്കോട്: ഏഴ് പതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി നിറഞ്ഞുനിന്ന സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ ഇനി ഒആര്‍മ്മ. എഴുത്തിലൂടെ മലയാളികളുടെ നെഞ്ചില്‍ ഇടംനേടിയ എം.ടിയുടെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കൊട്ടാരം റോഡിലുള്ള വസതിയായ സിതാരയിലെ അന്ത്യദര്‍ശനത്തിനുശേഷമാണ് മൃതദേഹം മാവൂര്‍ റോഡിലേക്ക് കൊണ്ടുപോയത്. സിതാരയില്‍ ആയിരങ്ങളാണ് പ്രിയ എഴുത്തുകാരന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. വൈകുന്നേരം 4.15ഓടെ അദ്ദേഹം സിതാരയുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് വഴി ആംബുലന്‍സിലാണ് മൃതദേഹം മാവൂര്‍ റോഡിലെത്തിച്ചത്.

കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് എം.ടി.വാസുദേവന്‍ നായര്‍ മരണപ്പെട്ടത്. കൈവെച്ച മേഖലകളില്‍ എല്ലാം ഉയരങ്ങളില്‍ എത്തിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം.

1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.

2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിര്‍മ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.