പെരുമാള്‍പുരത്തെ വെള്ളക്കെട്ടും റോഡിലെ കുഴികള്‍ക്കും പരിഹാരമുണ്ടാകണം, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുക; വാഗാഡ് ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്


നന്തി: പയ്യോളി മേഖലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നേതൃത്വത്തില്‍ വാഗാഡ് ഓഫീസ് ഉപരോധിച്ചു. പെരുമാള്‍പുരത്തെ വെള്ളക്കെട്ടും റോഡിലെ വലിയ കുഴികളും കാരണം പയ്യോളി സ്‌കൂളിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പയ്യോളി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്നും എത്രെയും പെട്ടെന്ന് തന്നെ വെള്ളക്കെട്ടിനും, വലിയ രീതിയിലുള്ള റോഡിലെ കുഴികള്‍ക്കും പരിഹാരം കാണണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്തിന്റെയും, വൈസ് പ്രസിഡന്റ് ഫസീഹ് പുറക്കാടിന്റെയും നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്. അടുത്ത ദിവസം തന്നെ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.