അവിശ്വാസ പ്രമേയം; കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായി, പ്രസിഡന്റ് രാജി വയ്ക്കും
യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റ് പുറത്തേക്ക്. 13 അംഗ ഭരണസമിതിയിൽ അവിശ്വാസത്തെ 11 പേർ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി.
പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട മാത്രമാണ് ആവിശ്വാസത്തെ എതിർത്ത് വോട്ടു ചെയ്‌തത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിൻസിതോമസ് വോട്ട് അസാധുവാക്കുകയും ചെയ്തു.
ഭരണകാലയളവിൽ മുസ്ലിം ലീഗിന് അവസാന ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് കോൺഗ്രസും ലീഗും തമ്മിൻ മുൻധാരണ ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങളായി കോൺഗ്രസിൻ്റെ കൈവശമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് വിട്ടു നൽകില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിലപാട് സ്വീകരിച്ചു. തുടർന്നാണ് മുസ്ലിം ലീഗ് നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായ ഒ കെ അമ്മത് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ മെമ്പർമാർക്ക് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്‌ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിന്മേൽ നാല് കോൺഗ്രസ് അംഗങ്ങൾകൂടി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം പോളി കാരക്കടയ്ക്ക് രാജി വയ്ക്കേണ്ടി വരും.