”വേദനയോടെയാണ് ഓരോ ദിവസവും കടന്നുപോയത്, അവന്‍ മടങ്ങിയെത്തും എന്ന് ഉറപ്പുണ്ടായിരുന്നു”; മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് അമ്മ ശ്രീലത
മേപ്പയൂര്‍: മകനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വാസമുണ്ടായിരുന്നെന്നും ദീപക്കിന്റെ അമ്മ. കഴിഞ്ഞ ആറ് മാസക്കാലം ഓരോ ദിവസവും കടന്ന് പോയത് വളരെ വേദനയോടെയാണ്. എങ്കിലും അന്ന് മുതല്‍ തുടങ്ങിയ കാത്തിരിപ്പാണ്. അവന്‍ മടങ്ങി എത്തും എന്ന് ഉറപ്പുണ്ടായിരുന്നെന്നും ശ്രീലത പറഞ്ഞു.
പയ്യോളി റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് യുഡി ക്ലാര്‍ക്കായി കഴിഞ്ഞ വര്‍ഷം വിരമിച്ച കൂനം വള്ളിക്കാവ് വടക്കേടത്ത് കണ്ടി വീട്ടിലെ ശ്രീലതയുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ദീപക്. ഭര്‍ത്താവ് പോസ്റ്റല്‍ വകുപ്പില്‍ നിന്നും വിരമിച്ച ബാലകൃഷ്ണന്‍ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക് ഒരു വര്‍ഷമായി നാട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് 2022 ജൂണ്‍ ആറ് മുതലാണ് ദീപക്കിനെ കാണാതാവുന്നത്.
ഏറെ ദുരൂഹത ഉയര്‍ത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ദീപക്കിനെ ജൂണ്‍ ആറു മുതല്‍ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസ്സിംഗ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ജീര്‍ണ്ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദീപകിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാല്‍ ബന്ധുക്കള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ മരിച്ചത് ദീപക്കല്ലെന്ന് കണ്ടെത്തി. ഇതാണ് പന്തിരിക്കരയില്‍ നിന്നും കാണാതായ ഇര്‍ഷാദിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പരിശോധനയില്‍ മരിച്ചത് ഇര്‍ഷാദാണെന്ന് വ്യക്തമായി. ഇതോടെ ദീപക് എവിടെയെന്ന ചോദ്യവും ഉയര്‍ന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിലവില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക്. യുവാവിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കേരളത്തില്‍ നിന്ന് എസ്.ഐ ഉള്‍പ്പെടുന്ന അഞ്ച് അംഗ സംഘം ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് ദീപക്കിനെ കേരളത്തില്‍ എത്തിക്കും.
summary: sreelatha, the mother of Deepak, who went missing from meppayur, said that she was sure that her son would come back