‘പലതവണ നോട്ടീസ് നല്‍കിയിട്ടും വൃത്തിയാക്കിയില്ല’; വന്യജീവികളുടെ വിഹാര കേന്ദ്രമായി കാട് പിടിച്ചുകിടന്നിരുന്ന മൂടാടി ഇരുപതാം മൈല്‍സ് ദേശീയപാതയോരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയാക്കി പഞ്ചായത്ത്
മൂടാടി: പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്ന മൂടാടി ഇരുപതാം മൈല്‍സ് ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന പറമ്പ് വൃത്തിയാക്കി പഞ്ചായത്ത്. ഇരുപതാം മൈല്‍ ഭാഗത്ത് നേഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന 50 സെന്റ് സ്വകാര്യഭൂമിയില്‍ വര്‍ഷങ്ങളായി കടുപിടിച്ച് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടയിരുന്നു നേരിട്ടത്.
മുള്ളന്‍പന്നി,വിഷപാമ്പുകള്‍, തെരുവുപട്ടികള്‍ എന്നിവയുടെ വിഹാരകേന്ദ്രമായതിനാല്‍ പരിസരത്തുള്ള വീടുകളിലെ കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയമായിരുന്നു. പല പ്രാവശ്യം പരിസരവാസികളുടെ പരാതി പരിഗണിച്ച് ഉടമസ്ഥരോട് കാട് വെട്ടാന്‍ ആവശ്യപ്പെട്ടിട്ടും നോട്ടീസ് അയച്ചിട്ടും തയാറായില്ലെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു . തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ഗ്രാമപഞ്ചായത്ത് ഇടപെട്ട് കാട് വെട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
യന്ത്രസഹായത്തോടെ തൊഴിലാളികളെ വച്ചാണ് രണ്ട് ദിവസങ്ങളിലായി പഞ്ചായത്ത് കാട് വെട്ടിയത്. ഇതിന് ചെലവായ തുക ഉടമസ്ഥരില്‍ നിന്ന് ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് സി.കെ.ശ്രികുമാര്‍, സെക്രട്ടറി എം.ഗിരീഷ് എന്നിവര്‍ അറിയിച്ചു.