ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കാന്‍ മുചുകുന്നിലെ പെണ്‍പട; 18 വനിതകളുമായി ശിങ്കാരി മേളം ടീം


Advertisement

കൊയിലാണ്ടി: ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കുന്ന ശിങ്കാരിമേളത്തിന് ഇനി മുചുകുന്നില്‍ നിന്നും വനിതകളെത്തും. മൂടാടി ഗ്രാമപഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിലൂടെയാണ്‌ പതിനെട്ട് വനിതകളടങ്ങുന്ന ശിങ്കാരി മേള യൂണിറ്റ് ആരംഭിച്ചത്.

Advertisement

2017ല്‍ ‘മുചുകുന്ന് വനിതാ ശിങ്കാരി മേളം’ എന്ന പേരില്‍ പ്രദേശത്തെ കുറച്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച ഗ്രൂപ്പാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നത്. കേരളത്തിനകത്ത് ഇതിനോടകം തന്നെ 150ല്‍ പരം വേദികളില്‍ കൊട്ടിക്കയറിയ ‘മുചുകുന്ന് വനിതാ ശിങ്കാരി മേളം’ വളരെ കുറഞ്ഞ കാലം കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

Advertisement

സീതാമണി, പ്രേമ, അജിത, ചന്ദ്രി, വസന്ത, ലളിത, ഗീത, റീന, ശ്രീജ, ശ്രീജ ടി.ടി, ബിന്ദു, സീന, ദീപ, ഷൈനി, റീജ, പ്രബില, ശോഭ തുടങ്ങി മുചുകുന്നില്‍ തന്നെയുള്ള പതിനെട്ടോളം പേരടങ്ങുന്ന വനിതകളാണ് അംഗങ്ങള്‍. ഹരിത കര്‍മ സേനയിലെ അംഗങ്ങളും ബേക്കറി ജോലിയുമടക്കം പതിനെട്ടു പേരില്‍ പലരും പലവിധ ജോലികള്‍ ചെയ്യുന്നവരാണ്‌. ജോലി കഴിഞ്ഞ് രാത്രിയോടെയാണ് മേളം പരിശീലിക്കുന്നത്. പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായ സീതാമണിയാണ് ടീം ലീഡര്‍.

 

പ്രശസ്ത വാദ്യകലാകാന്‍ മുചുകുന്ന് ശശി മാരാരായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് തോലേരി മധുസൂദനന്റെ കീഴില്‍ പഠനം ആരംഭിച്ചു. പിന്നീട് സുധീപ്, സുശീന്ദ്രന്‍ തുടങ്ങിയവരുടെ കീഴില്‍ ചിട്ടയായുള്ള പഠനം. അതിന് ശേഷമായിരുന്നു തോലേരി ജിഗേഷിന്റെ കീഴില്‍ ഫ്യൂഷന്‍ ശിങ്കാരിമേളം പഠിച്ചു തുടങ്ങയത്.

Advertisement

പഠനത്തിനൊപ്പം തന്നെ പരിപാടികളും ചെയ്തു തുടങ്ങിയപ്പോള്‍ ചെണ്ട വാടകയ്ക്ക് എടുക്കുന്നതായിരുന്നു ഇവര്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ ശിങ്കാരിമേള യൂണിറ്റായി രജിസ്റ്റര്‍ ചെയ്യുകയും ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ പഞ്ചായത്തില്‍ നിന്നും പണവും ലഭിക്കുന്നതോടെ അതിനൊരു പരിഹാരമായെന്ന് ടീമംഗമായ സീതാമണി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഉത്സവം, ഉദ്ഘാടനം, സ്‌ക്കൂള്‍ പരിപാടികള്‍ തുടങ്ങി വിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ച ടീം ഉടന്‍ തന്നെ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിന്റെ വേദിയില്‍ പരിപാടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ടീമിന്റെ വിജയരഹസ്യമെന്നാണ് സീതാമണി പറയുന്നത്.