ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്


മൂടാടി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായുള്ള ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മൂടാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ആറും ഒമ്പതും വാര്‍ഡുകളില്‍ വാര്‍ഡ്തല സമിതി രൂപവത്കരിച്ചു. എല്ലാ വീടുകളിലും ഒരു കൃഷിയെങ്കിലും നടത്തി ജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാര്‍ഡിലെ മുഴുവന്‍ ഭൂമിയും കൃഷിയോഗ്യമാക്കും.
[ad2]

തരിശുനിലങ്ങള്‍ കണ്ടെത്തി ഓരോ സ്ഥലത്തും ചെയ്യാവുന്ന കൃഷി ഏതെന്ന് നിര്‍ണയിക്കും. തെങ്ങിന്റെ ഇടവിളകളായി ചേന, ചേമ്പ്, പയര്‍, ഉഴുന്ന് എന്നിവ കൃഷി ചെയ്യും. വാഴ, നെല്‍കൃഷി എന്നിവ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പ് പദ്ധതി നടപ്പാക്കും. കുടുബശ്രീ, സ്വയംസഹായ സംഘങ്ങള്‍, ക്ലബുകള്‍, യുവജന കൂട്ടായ്മകള്‍ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ പറഞ്ഞു.
[ad1]
ആറാം വാര്‍ഡില്‍ നടന്ന സമിതി രൂപവത്കരണ യോഗത്തില്‍ ദാമോദരന്‍ പൊറ്റക്കാട്ട് അധ്യക്ഷനായി. ഒമ്പതാം വാര്‍ഡില്‍ നടന്ന സമിതി രൂപവത്കരണ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.പി.ലത അധ്യക്ഷയായി. കൃഷി ഓഫീസര്‍ കെ.വി.നൗഷാദ്, രഘുനാഥ് ഒതയോത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.