25 സെന്റ് തരിശുഭൂമിയില്‍ വിളഞ്ഞത് നിരവധി പച്ചക്കറികള്‍; ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തില്‍ പച്ചക്കറി കൃഷിയില്‍ വിജയം നേടി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: പച്ചക്കറി കൃഷിയില്‍ വിജയം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. പച്ചക്കറികളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമഫലമത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
പഞ്ചായത്തിനോട് ചേര്‍ന്ന 25 സെന്റ് തരിശ് ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. ചീര, വെള്ളരി, വെണ്ട, കക്കരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിചെയ്തത്. പുതിയ ഇനം പരീക്ഷിച്ചതോടെ മികച്ച വിളവ് നേടാനായി. കൃഷി ഭവനില്‍ നിന്നാണ് വിത്തുകള്‍ എത്തിച്ചത്. കൃഷി ഓഫീസര്‍ ഫൗസിയയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് കൃഷിപരിപാലനം നടത്തിയത്.
രണ്ട് മാസം മുന്‍പാണ് കൃഷിയ്ക്കായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെയും വൈകുന്നേരവുമായാണ് പരിപാലനത്തിനായി സമയം കണ്ടെത്തിയത്. ശാസ്ത്രീയ കൃഷിരീതികളും ജൈവകൃഷിയുമാണ് പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്. വിളവെടുപ്പില്‍ ഷീജ പട്ടേരി, മോഹനന്‍, എം.പി അഖില, ഷിജു, റീഷ്മ,ദില്‍ന, ഗിരീഷ്‌കുമാര്‍, എന്നിവരടങ്ങുന്ന സംഘമാണ് കൃഷിയ്ക്കായി നേതൃത്വം നല്‍കിയത്.