1627 പേര്‍ക്ക് നൂറ് ദിവസം പണി; തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി മൂടാടി ഗ്രാമപഞ്ചായത്ത്


Advertisement

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലയില്‍ ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷവും മൂടാടിക്കായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതാണ് മൂടാടിയെ വീണ്ടും പുരസ്‌കാരത്തിലേക്കെത്തിച്ചത്. 2023-24 വര്‍ഷത്തില്‍ ആറുകോടി എണ്‍പത്തിയാറു ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്.

Advertisement

1627 പേര്‍ക്ക് നൂറ് ദിവസം പണി കിട്ടി. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ (ഗ്രാമചന്തകള്‍ – വര്‍ക് ഷെഡുകള്‍ – കയര്‍ ഭൂവസ്ത്രം – മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി സോക്പിറ്റുകള്‍ കമ്പോസ്റ്റ് പിറ്റുകള്‍ അംഗനവാടികള്‍, സ്‌കൂളുകള്‍ എന്നിവക്ക് മാലിന്യ സംസ്‌കരണ ഉപാധികള്‍, കിണര്‍ റിചാര്‍ജിംഗ്, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാലിതൊഴുത്തുകള്‍, ആട്ടിന്‍കൂട്, കോഴി കൂട്, അസോള ടാങ്ക്, തീറ്റ പുല്‍ കൃഷി എന്നിവയും നടപ്പിലാക്കി.

Advertisement

ജലസംരക്ഷണത്തിന്റെ ഭാഗമായി ചെക് ഡാമുകള്‍, ജൈവ വൈവിധ്യസംരക്ഷണ പ്രവര്‍ത്തനങ്ങായ ഔഷധസസ്യകൃഷി, മുളവനം പദ്ധതി എന്നിവയും ലൈഫ് ഭവന പദ്ധതി കുടിവെളള കിണര്‍, കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണവും തരിശ് രഹിതമായ പഞ്ചായത്ത് എന്ന പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. വര്‍ഷത്തില്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്ത് വിശദമായ ആക്ഷന്‍ പ്ലാനുകള്‍ തയാറാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

Advertisement

ഭരണസമിതിയുടെയും തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാര്‍ മറ്റുജീവനക്കാര്‍ തൊഴിലാളികള്‍ എന്നിവരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന് തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സഹായിച്ചതെന്ന് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അറിയിച്ചു.

Summary: moodadi Gram Panchayat won the first place in the district for doing good work in the employment guarantee scheme