കോടിക്കല്‍ ബീച്ചില്‍ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റര്‍ വരുന്നു; 55ലക്ഷം രൂപയ്ക്ക് കരാറായി, ലക്ഷ്യമിടുന്നത് ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍
മൂടാടി: തീരദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന മൂടാടി കുടുംബാരോഗ്യ കേന്ദ്രം കോടിക്കല്‍ സബ് സെന്റര്‍ കരാറിന് ഭരണസമിതി അംഗീകാരം. പദ്ധതിക്കായി 55ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രവൃത്തി ഉടന്‍ ആരംഭിക്കും. ആറുമാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 31ന് മുഴുവനായി പണി തീര്‍ക്കാനാണ് തീരുമാനം.
ഒന്നാം വാര്‍ഡില്‍ കോടിക്കല്‍ ബീച്ചില്‍ മണലില്‍ കരീം സൗജന്യമായി വിട്ടുനല്‍കിയ അഞ്ച് സെന്റ് ഭൂമിയാണ് സബ് സെന്റര്‍ ഉയരുക. പാലക്കുളങ്ങര സ്വദേശിക്കാണ്് ടെണ്ടര്‍ ലഭിച്ചിരിക്കുന്നത്. മൂടാടി പഞ്ചായത്തിലെ അഞ്ചാമത്തെ സബ് സെന്ററാണ് ഇവിടെ പണിയുന്നത്.
കുട്ടികള്‍, അമ്മമാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇനി മറ്റു സബ് സെന്ററുകളെ ആശ്രയിക്കേണ്ടിവരില്ല. ചില ദിവസങ്ങളില്‍ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാറാണ് പരിഗണിക്കേണ്ടതെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അറിയിച്ചു.