ഇനി സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങളിലേക്ക്; ജി.ഐ.എസ് അധിഷ്ഠിത ഗ്രാമപഞ്ചായത്തായി മൂടാടി


മൂടാടി: ഇന്റലിജെന്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റം പൂർത്തീകരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ജി.ഐ.എസ് അധിഷ്ഠിത പഞ്ചായത്ത് പ്രഖ്യാപനവും നവീകരിച്ച ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.

സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ജി ഐ എസ് മാപ്പിംഗ് പദ്ധതിയായാണ് ദൃഷ്ടി അഥവാ ഇന്റലിജെന്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റം. ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ ആസ്‌തികളുടെയും സ്വകാര്യ കെട്ടിടങ്ങളുടെയും ഡിജിറ്റൽ മാപ്പിംഗ് പൂർത്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അത്യാധുനിക സാങ്കേതിക വിദ്യയായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ് തുടങ്ങിയവ ഉപയോഗിച്ച് ഏറ്റവും ശാസ്ത്രീയമായി വിവരശേഖരണം നടത്തി ജി ഐ എസ് അധിഷ്ഠിതമായാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സർക്കാർ സ്വകാര്യ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങി മുഴുവൻ ആസ്തികളും ജി.ഐ.എസ് മാപ്പിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഗ്രാമപഞ്ചായത്തിലെ പദ്ധതി ആസൂത്രണത്തിനും പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സഹായകമാകും.

32 ലക്ഷം രൂപ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമാണ് പദ്ധതി പൂർത്തീകരിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നവീകരണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എ ശ്രീനാഥ് റിപ്പോർട്ട് അവതരണവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി ഗിരീഷ് കുമാർ ജിഐഎസ് റിപ്പോർട്ട് അവതരണവും നടത്തി.

ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം.പി ശിവാനന്ദൻ, വി.പി ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംപി അഖില, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു.