വില്ലേജ് ഓഫീസുകളില്‍ കയറിയിറങ്ങി ഇനി നേരം കളയണ്ട, ഇനിയെല്ലാം എളുപ്പത്തില്‍; മൂടാടി, മേപ്പയൂര്‍ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാര്‍ട്ടാണ്‌


മൂടാടി: മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകൾ ‘സ്മാര്‍ട്ടാവുന്നു’. വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സര്‍ക്കാരിന്റെ ‘സ്മാർട്ട് വില്ലേജ് ഓഫീസ്’ പദ്ധതിയിലൂടെയാണ്‌ മൂന്ന് വില്ലേജുകളും സ്മാര്‍ട്ടാവുന്നത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 520 എണ്ണം ഇതിനകം സ്മാർട്ട്‌ വില്ലേജുകളായി മാറിയിട്ടുണ്ട്.

വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സാധാരണ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്‌ലറ്റ് എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ.

മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകളെ സ്മാർട്ട് ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം ഓൺലൈനായി റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഇവയടക്കം സംസ്ഥാനത്തെ 26 സ്മാർട്ട് വില്ലേജുകളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. മൂടാടിയിലെ പരിപാടിയിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്താണ് മൂടാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമുയരുക. 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത് . പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ ശിവാനന്ദൻ എം പി, ദുൽഖിഫർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ജീവാനന്ദൻ, ചൈത്ര വിജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ എന്നിവർ പങ്കെടുത്തു.

അന്യാധീനപ്പെട്ട 2274 ഏക്കർ സർക്കാർ ഭൂമി താലൂക്ക് ലാന്റ് ബോർഡുകൾ മുഖേന കഴിഞ്ഞ ഒൻപത് മാസങ്ങൾക്കുള്ളിൽ തിരിച്ചുപിടിച്ചതായി ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഈ മിച്ചഭൂമി അർഹർക്ക് വിതരണം ചെയ്യാനുള്ള വലിയ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ 1,80,887 പേർക്ക് പട്ടയം വിതരണം ചെയ്തതായി റവന്യു മന്ത്രി പറഞ്ഞു. ഇത് റെക്കോർഡാണ്.
താലൂക്ക് ലാൻഡ് ബോർഡുകളെ നാല് വിഭാഗമായി തിരിച്ചു പ്രവർത്തിച്ചാണ് അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാൻ തീരുമാനിച്ചത്. അതിന്റെ ഫലമായി 139 കേസുകൾ അവസാനിപ്പിച്ചു. 2274 ഏക്കർ ഭൂമി തിരികെ പിടിക്കാൻ കഴിഞ്ഞു. സ്ഥിരമായി ഒരിടത്ത് താമസിച്ച് പോരുന്നവരെ മാത്രം ഭൂമിയുടെ ഉടമയാക്കുക എന്നതല്ല സർക്കാർ നയം. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് കൂടി ഭൂമി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. സമ്പൂർണ ഡിജിറ്റൽ രേഖകൾ ഉള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് തീരുമാനം. സംസ്ഥാനത്ത് ആകെ 4,88,280 ഹെക്ടർ ഭൂമിയിൽ ഈ ചെറിയ കാലയളവിൽ ഡിജിറ്റൽ സർവേ നടപടികൾ തുടങ്ങാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. നാലുവർഷം കൊണ്ട് സംസ്ഥാനം പൂർണമായും അളക്കാൻ കഴിയുന്ന വിധം റീസർവേ നടപടികൾ പൂർത്തിയാക്കാനാണ് പോകുന്നത്. അങ്ങനെ വന്നാൽ കേരളത്തിലെ എല്ലാ വീടുകളുടെയും ഭൂമി അതിരുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ഡിജിറ്റൽ രേഖ തന്നെ റവന്യു വകുപ്പിന്റെ കൈവശം ഉണ്ടാകും. ഇത്‌ യാഥാർഥ്യമായാൽ ഭൂമി വിതരണവും ഭൂമിയുടെ കൈമാറ്റവും പരിശോധനയും എല്ലാം എളുപ്പമാകും.

ഇതിന്റെ അനുബന്ധമായി രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പോർട്ടലും റവന്യു വകുപ്പിന്റെ റെലിസ് (ReLis) പോർട്ടലും സർവേ വകുപ്പിന്റെ ഇ-രേഖ പോർട്ടലും ഏകോപിപ്പിച്ച് രാജ്യത്താദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരാൻ പോകുകയാണെന്ന് മന്ത്രി രാജൻ അറിയിച്ചു. ഏകീകൃത പോർട്ടൽ നിലവിൽ വന്നാൽ ഭൂമിയുടെ രജിസ്ട്രേഷൻ സമയത്ത് തന്നെ ആളുകൾക്ക് ഭൂമിയുടെ സ്വഭാവം, ഇനം, സ്കെച്ച് എന്നിവ ലഭ്യമാകും. ഇത് വിപ്ലവകരമായ മാറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടി മൊബൈൽ ആപ്പ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

മൂടാടി വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ടാകും; സ്ഥലപരിമിതിമൂലം ഇനിയും അധികകാലം വീര്‍പ്പുമുട്ടേണ്ടിവരില്ല, നന്തിയില്‍ പുതിയ കെട്ടിടമൊരുങ്ങുന്നു

നെല്ലിപൊയിലിൽ വിജയ വായനശാലയിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം റോയ് കുന്നപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, താമരശ്ശേരി തഹസിൽദാർ കെ ബാലരാജൻ എന്നിവർ പങ്കെടുത്തു.

മേപ്പയ്യൂരിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.പി ശോഭ അധ്യക്ഷയായി. ബ്ലോക്ക്‌ അംഗം കെ.കെ നിഷിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) സി സുബൈർ, ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ വി ബിന്ദു എന്നിവർ സംബന്ധിച്ചു.

Description: Moodadi and Meppayur village offices are now smart