നാല് വര്‍ഷം മുമ്പ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ല; കസബ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി


കോഴിക്കോട്: നാല് വര്‍ഷം മുമ്പ് പോലീസ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ലെന്ന് പരാതി. കസബ പോലീസിനെതിരെയാണ് പുതിയങ്ങാടി സ്വദേശി വി. പ്രമോദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് 2019 ജനുവരിയിലാണ് കോഴിക്കോട് ടൗണ്‍ഹാളിനു സമീപത്ത് പോസ്റ്റര്‍ ഒട്ടിക്കവെയാണ് കസബ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അപ്പോള്‍ കൈവശമുണ്ടായിരുന്ന പേഴ്‌സ്, ആധാര്‍ കാര്‍ഡ്, ഐ.ഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പോക്കറ്റ് ഡയറി, 600 രൂപ എന്നിവയാണ് പോലീസ് വാങ്ങിവച്ചതെന്നും പരാതിയില്‍ പറയുന്നു.

മാവോയിസ്റ്റാണോയെന്ന് ചോദിച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചെന്നും പ്രമോദ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞാണ് ആരോഗ്യ സ്ഥതി വീണ്ടെടുത്തതെന്നും സംഭവത്തില്‍ മുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്നത്തെ എസ്‌ഐ വി. സിജിത്തും എഎസ്‌ഐ പ്രദീപ് കുമാറുമാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്.