പി.വി.സത്യനാഥന്റെ വിയോഗം കൊയിലാണ്ടിയിലെ പൊതുജനങ്ങള്‍ക്കും പാര്‍ട്ടിക്കും തീരാനഷ്ടം”; സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പി.വി.സത്യനാഥന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി മുന്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വിസത്യനാഥന്റെ കൊലപാതകം കൊയിലാണ്ടിയിലെ പൊതുജനങ്ങള്‍ക്കും പാര്‍ട്ടിക്കും തീരാനഷ്ടമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പി.വി.സത്യനാഥന്റെ ഫോട്ടോ അനാച്ഛാദന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് കൊയിലാണ്ടിയിലെ ജനങ്ങളുമായി നല്ല ബന്ധമുള്ള മനുഷ്യനായിരുന്നു പി.വി.സത്യനാഥനെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഉത്സവപ്പറമ്പില്‍വെച്ച് ഒരു സാമൂഹ്യദ്രോഹിയാല്‍ അദ്ദേഹം കൊല്ലപ്പെട്ടത് കൊയിലാണ്ടിയിലെ പൊതുജനങ്ങള്‍ക്കും പാര്‍ട്ടിക്കും തീരാനഷ്ടമാണ്. കൊയിലാണ്ടി മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സത്യനാഥന്റെ ഓര്‍മ്മകള്‍ പ്രവര്‍ത്തകര്‍ ഊര്‍ജമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി.പി.എം ഏരിയ സെക്രട്ടറി ടി.കെചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ വിശ്വന്‍മാസ്റ്റര്‍, കെ.ദാസന്‍, കാനത്തില്‍ ജമീല നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, എല്‍.ജി.ലിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതവും എം.വി.ബാലന്‍ നന്ദിയും രേഖപ്പെടുത്തി.

Summary: P. Mohanan Master unveiling the photo of PV Satyanathan at the CPM Koyilandy Central Local Committee Office