വെള്ളപ്പൊക്കമുണ്ടായിടത്തുനിന്നും ആളുകളെ സുരക്ഷിത ഇടത്തേക്ക് മാറ്റീ, വീട്ടില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു; വിവിധ സേനകള്‍ക്ക് പുതിയ അനുഭവമായി കൊയിലാണ്ടിയില്‍ നടന്ന മോക്ഡ്രില്‍


കൊയിലാണ്ടി: പ്രളയവുമായി ബന്ധപ്പെട്ട് ദുരന്തം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൊയിലാണ്ടിയില്‍ മോക്ഡ്രില്‍ നടത്തി. കൊയിലാണ്ടി കാവുംവട്ടം എം.യു.പി സകൂള്‍, പടന്നയില്‍ എന്നീ രണ്ടു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്, പോലീസ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പ്, മോട്ടോര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇറിഗേഷന്‍, തദ്ദേശവകുപ്പ്, സിവില്‍ ഡിഫെന്‍സ്, നാട്ടുകാര്‍, മോണിറ്ററിങ് അതോറിറ്റിയായി ബി.എസ്.എഫ് സേന തുടങ്ങി എല്ലാ വകുപ്പുകളെയും കോര്‍ത്തിണക്കിക്കൊണ്ട് ആയിരുന്നു പരിപാടി.

വെള്ളപ്പൊക്കം ഉണ്ടായ പ്രദേശത്തുനിന്നും ആളുകളെ എങ്ങനെ പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാം, എങ്ങനെ വീട്ടില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാം, മെഡിക്കല്‍ സഹായാം ലഭ്യമാക്കാം, വിവിധ വകുപ്പുകളുടെ ഏകീകരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഡ്രില്ലിന്റെ സഹായത്താല്‍ ഏകദേശ ധാരണ ഉണ്ടാക്കാന്‍ സാധിച്ചു.

കൊയിലാണ്ടി മുനിസിപ്പാലിറ്റി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രോഗ്രാം പ്ലാനിങ് ചീഫ് ആയി കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി മൂന്നു മണിയോടുകൂടി അവസാനിച്ചു. കേരളത്തിലെ എല്ലാ താലൂക്കുകളിലും ഇന്ന് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടിയിലും മോക്ഡ്രില്‍ നടത്തുന്നത്.