11 മണിയോടെ ഫിഷറീസ് നേതൃത്വത്തില്‍ കാപ്പാട് സുനാമി ജാഗ്രതാ നിര്‍ദേശം, തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും; തീരദേശവാസികള്‍ക്ക് വേറിട്ട അനുഭവമായി സുനാമി റെഡി പദ്ധതിയുടെ ഭാഗമായുളള മോക്ക് ഡ്രില്‍
ചേമഞ്ചേരി: സുനാമി റെഡി പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സുനാമി മോക്ക് ഡ്രില്‍ നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ വലിയാണ്ടി ഭാഗത്താണ് മോക്ക് ഡ്രില്‍ നടത്തിയത്. തീരദേശ സമൂഹത്തിന്റെ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുക, ജീവന്‍, ഉപജീവനമാര്‍ഗങ്ങള്‍, സ്വത്ത് എന്നിവ സംരക്ഷിക്കുന്നതിനുള്ള അവബോധവും തയ്യാറെടുപ്പ് തന്ത്രങ്ങളും വഴി പ്രതിരോധശേഷിയുള്ള സമൂഹങ്ങളെ കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സുനാമി റെഡി പദ്ധതി പ്രവര്‍ത്തിക്കുന്നത്.
ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സുനാമി മോക്ക് ഡ്രില്‍. ഇന്‍കോയ്സില്‍ (INCOIS- indian national centre for ocean and information services) നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 11 മണിയ്ക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തീര്‍ദേശനിവാസികള്‍ക്ക് മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അസംബ്ലി പോയിന്റില്‍ എത്തിച്ചേരുകയും ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫെന്‍സ് സേനയുടെ സഹായത്തോടെ അമ്പതോളം പേരെ ഷെല്‍ട്ടര്‍ ക്യാമ്പിലേക്ക് (ശാദി മഹല്‍ ഓഡിറ്റോറിയം) മാറ്റുകയും ചെയ്തു.
അഞ്ച് സ്‌കൂള്‍ ബസുകളിലായാണ് ആളുകളെ ക്യാമ്പുകളിലേക്ക് എത്തിച്ചത്. പോലീസ് വിഭാഗം പ്രദേശത്തേക്കുള്ള ഗതാഗതം കൃത്യമായി നിയന്ത്രിച്ചു. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ ചികിത്സ ഉറപ്പുവരുത്തി. ജനപ്രതിനിധികള്‍, ആര്‍.ടി.ഒ, എം വി ഡി, കോസ്റ്റല്‍ പോലീസ്, കിലയുടെ പ്രതിനിധികള്‍, ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് തുടങ്ങിയവരും മോക്ക്ഡ്രില്ലിന്റെ ഭാഗമായി. ക്യാമ്പിലേക്ക് മാറ്റിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ്, ഡെപ്യൂട്ടി കളക്ടര്‍ പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, മെഡിക്കല്‍ ഓഫീസര്‍, കോസ്റ്റല്‍ പോലീസ്, തഹസില്‍ദാര്‍ തുടങ്ങിയവര്‍ പ്രദേശവാസികളോട് സംസാരിച്ചു. ശേഷം കഴിഞ്ഞ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും പോരായ്മകളും മെച്ചപ്പെടുത്തേണ്ട മേഖലകളും ചൂണ്ടിക്കാട്ടുന്നതിനുമായി ഡീബ്രീഫിങ് നടത്തി.
ഓരോ വിഭാഗവും ചെയ്ത പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. സ്വതന്ത്ര നിരീക്ഷകന്‍ പോരായ്മകള്‍ എന്തെല്ലാമെന്ന് സൂചിപ്പിച്ചു. ഉച്ചയോടുകൂടി പരിപാടി അവസാനിച്ചു.