വികസനകുതിപ്പില്‍ ജിവിഎച്ച്എസ്എസ് മേപ്പയൂർ; ഒരുങ്ങുന്നത് 79ലക്ഷം രൂപയുടെ സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതികള്‍


മേപ്പയൂർ: മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളില്‍ നടപ്പാക്കുന്ന സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽനിന്ന് 79 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌ക്കൂളില്‍ സൗന്ദര്യവൽക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌.

ചടങ്ങില്‍ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി ഉദ്ഘാടനവും, എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് സ്‌ക്കൂളിന് അനുവദിച്ച 15 ലക്ഷം രൂപയുടെ 30 കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്‌.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ പി പ്രശാന്ത്, എസ്.എം.സി ചെയർമാൻ ഇ.കെ ഗോപി, അഡിഷണൽ ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അർച്ചന ആർ, പി.കെ അനീഷ്, കുഞ്ഞമ്മദ് മദനി, ബാലൻ പുതിയോട്ടിൽ, എം.കെ രാമചന്ദ്രൻ, മേലാട്ട് നാരായണൻ, മധു പുഴയരികത്ത്, സ്‌ക്കൂള്‍ പാർലമെൻറ് ചെയർമാൻ എസ്.എസ് ധീരജ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ്‌ എം.എം ബാബു സ്വാഗതവും അഫ്സ ടി.എം നന്ദിയും അർപ്പിച്ചു.