കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പും കുന്ന്യോറമലയും സന്ദര്‍ശിച്ച് എം.എല്‍.എ കാനത്തില്‍ ജമീല


കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിലുണ്ടായ മണ്ണിടിച്ചില്‍ നടന്നിടത്ത് സന്ദര്‍ശിച്ച് എം.എല്‍.എ കാനത്തില്‍ ജമീല. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ വീടുകളും അപകടഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു.ഗുരുദേവ കോളേജില്‍ എസ്.എഫ്. ഐ ഒരുക്കിയ സജ്ജീകരണങ്ങളും എം.എല്‍.എ സന്ദര്‍ശിച്ചു.

83 ഓളം ആളുകളാണ് ഗുരുദേവ കോളേജിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. എം.എല്‍.എ യ്‌ക്കൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ സുമതി, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.കെ ഭാസ്‌ക്കരന്‍, സി.കെ ഹമീദ്, വിജീഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ പ്രവൃത്തി നടന്ന മേഖലയ്ക്ക് സമീപമായാണ് ഇന്ന് രാവിലെ വലിയ തോതില്‍ മണ്ണിടിഞ്ഞത്. ഇതിന് എതിര്‍ഭാഗത്തായി എസ്.എന്‍.ഡി.പി കോളേജിന്റെ സൈഡിലും രാവിലെ മണ്ണിടിച്ചലുണ്ടായി. ഈ ഭാഗത്തെ വീടുകളില്‍ നിലവില്‍ ആളുകള്‍ താമസിക്കുന്നില്ല.

മണ്ണിടിഞ്ഞതിന് മുകള്‍ഭാഗത്ത് താമസിക്കുന്ന കുന്ന്യോറമല വിനോദ്, അനില്‍കുമാര്‍, മാധവി, ബിജു തുടങ്ങിയവരുടെ വീടുകളാണ് അപകടാവസ്ഥയിലാണ്. നിലവില്‍ ആളുകള്‍ താമസിക്കുന്ന വീടുകളാണിത്.