‘മാറി നിന്നത് സാമ്പത്തിക പ്രയാസം കാരണം’; കാണാതായ മലയാളി സൈനികനെ കണ്ടെത്തി
കോഴിക്കോട്: പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച് കാണാതായ മലയാളി സൈനികനെ കണ്ടെത്തി. ബാംഗ്ലൂരില്‍ നിന്നും ഇന്നലെ രാത്രി എലത്തൂര്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞമാസം 17 ന് ആയിരുന്നു എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയായ സൈനികന്‍ വിഷ്ണുവിനെ കാണാതായത്. നാട്ടിലേയ്ക്ക് വരികയാണെന്ന് പറഞ്ഞതിന് ശേഷം നാട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്ന് വിഷ്ണു പോലീസിന് നല്‍കിയ മൊഴി. വിഷ്ണുവിന്റെ സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് ബാംഗ്ലൂരില്‍ എത്തുകയായിരുന്നു. എലത്തൂര്‍ എസ്.ഐ യുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.