കോഴിക്കോട് നാലര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം ശിക്ഷ


കോഴിക്കോട്: നാലര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മൂന്നാര്‍ ദേവികുളം സ്വദേശി ബീന എന്ന ഹസീനയെ (50) ആണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.അനില്‍കുമാര്‍ ശിക്ഷിച്ചത്.

ജീവപര്യന്തം തടവിന് പുറമെ പതിനായിരം രൂപ പിഴശിക്ഷയുമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കഠിന തടവ് കൂടി അനുഭവിക്കണം. കേസിലെ ഒന്നാം പ്രതി ഗണേശന്‍ ഇപ്പോഴും ഒളിവിലാണ്.

1991 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയില്‍നിന്ന് വളര്‍ത്താനെന്ന് പറഞ്ഞാണ് ബീന പെണ്‍കുട്ടിയെ ഏറ്റെടുത്തത്. തുടര്‍ന്ന് കേസിലെ ഒന്നാംപ്രതി ഗണേഷനും ബീനയും കുട്ടിയുമായി കോഴിക്കോട്ടെത്തി. ഇവിടെ വിവിധ ലോഡ്ജുകളില്‍ താമസിച്ചുവരുന്നതിനിടെ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചും പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ 15 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായ ടി.കെ. രാജ്മോഹന്‍, വി.വി.നാരായണന്‍. ടി.എ. പീതാംബരന്‍, കെ.സതീഷ് ചന്ദ്രന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്, കെ.മുഹസിന എന്നിവര്‍ ഹാജരായി.