എലത്തൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്ത്രീയെ ഇടിച്ചിട്ട് കാറുമായി കടന്നു; ‘കുട്ടി ഡ്രൈവറെയും’ സംഘത്തെയും തടഞ്ഞിട്ട് ബൈക്ക് യാത്രികന്‍, പിടികൂടി പൊലീസ്


എലത്തൂര്‍: റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ‘കുട്ടി ഡ്രൈവറെയും’ സംഘത്തെയും പൊലീസ് പിടികൂടി. സ്ത്രീയെ ഇടിച്ചിട്ട കാറില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് യാത്രക്കാരാണുണ്ടായിരുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ എലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്. സ്ത്രീയെ ഇടിച്ചിട്ട് തെറിപ്പിച്ചശേഷം ഇവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തെറിച്ചുവീണ സ്ത്രീയെ തിരിഞ്ഞുനോക്കാതെ ഇവര്‍ വണ്ടിയുമായി കടന്നുകളയുകയായിരുന്നു.

കാറിനെ പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ ഇവരെ പിന്തുടരുകയും തിരുവങ്ങൂരില്‍വെച്ച് കാറിനെ തടഞ്ഞിടുകയുമായിരുന്നു. പിന്നാലെ പൊലീസ് എത്തി കുട്ടി ഡ്രൈവറെയും സംഘത്തെയും പിടികൂടുകയായിരുന്നു. പൊലീസ് ഇവരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.