നിപ: കോഴിക്കോട് ജില്ലയില്‍ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനം സാധ്യമാക്കിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനം സാധ്യമാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക ഇല്ലാതെ വളരെ ജാഗ്രതയോടു കൂടി കോഴിക്കോട്ടെ ജനങ്ങള്‍ നിപയെ നേരിട്ടെന്നും മന്ത്രി പറഞ്ഞു.
നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായാണ് ക്ലാസുകള്‍ പുരോഗമിക്കുന്നത്. കൈറ്റ് രൂപകല്‍പ്പന ചെയ്ത ജി സ്യൂട്ട് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലയില്‍ മുഴുവനായി ജി സ്യൂട്ട് വഴി ക്ലാസുകള്‍ നല്‍കുന്നത്. കുട്ടികളും രക്ഷിതാക്കളും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നല്‍കാന്‍ എടുത്ത തീരുമാനം വളരെ ഫലപ്രദമായി യാഥാര്‍ത്ഥ്യമാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, പി.ടി.എ തുടങ്ങി എല്ലാവരും ഒരുമിച്ചു നിന്നു. ഇതിന് നേതൃത്വം നല്‍കിയ വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും വിദ്യാഭ്യാസ വകുപ്പിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഓണ്‍ലൈനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എന്നിവരും മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ എ.ഗീത, എ ഡി പി ഐ എന്‍. ഷൈന്‍ മോന്‍, എ ഡി എം സി. മുഹമ്മദ് റഫീഖ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാര്‍, സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.