എല്‍.എസ്.എസ്.- യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി; പണം ലഭിക്കുക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയ കുട്ടികള്‍ക്ക്
തിരുവനന്തപുരം: എല്‍.എസ്.എസ് – യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കോളര്‍ഷിപ്പിനായി പരീക്ഷാഭവന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികള്‍ക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തി വരാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനിയും സമയം അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനായി അനുവദിച്ച സമയത്ത് വിവരങ്ങള്‍ പോര്‍ട്ടലില്‍ സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ 1.25 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 48 ലക്ഷം രൂപയും കൊല്ലം ജില്ലയില്‍ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയില്‍ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയില്‍ 33.2 ലക്ഷം രൂപയും കോട്ടയം ജില്ലയില്‍ 51.1ലക്ഷം രൂപയും ഇടുക്കി ജില്ലയില്‍ 20.33ലക്ഷം രൂപയും എറണാകുളം ജില്ലയില്‍ 66.88 ലക്ഷം രൂപയും തൃശ്ശൂര്‍ ജില്ലയില്‍ 81.96 ലക്ഷം രൂപയും പാലക്കാട് ജില്ലയില്‍ 92.6 ലക്ഷം രൂപയും മലപ്പുറം ജില്ലയില്‍ 2.08 കോടി രൂപയും വയനാട് ജില്ലയില്‍ 35.6 ലക്ഷം രൂപയും കണ്ണൂര്‍ ജില്ലയില്‍ 1.38 കോടി രൂപയും കാസര്‍കോട് ജില്ലയില്‍ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.